Connect with us

Ongoing News

മോദിക്കെതിരെ പ്രചാരണത്തിന് രണ്ട് ശങ്കരമഠാധിപതികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ക്ഷേത്രനഗരമായ വാരാണസിയില്‍ മോദിക്കെതിരെ പ്രചാരണത്തിന് പുരി, ധ്വാരക ശങ്കരമഠാധിപതികള്‍ രംഗത്ത്. മോദി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുമെന്ന് ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ നിലപാട് ചൂണ്ടിക്കാട്ടി ഇവര്‍ വ്യക്തമാക്കുന്നു. മഠാധിപതികളുടെ നീക്കം മോദിയുടെ പ്രചാരണത്തില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഹൈന്ദവ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയ മോദിക്ക് പുതിയ വെല്ലുവിളി വിനയാകുമെന്നാണ് വിലയിരുത്തല്‍. ഫലത്തില്‍ ഇവ മോദിയുടെ എതിരാളിയായ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ്‌റായിക്കും അനുകൂലമാകും.
പുരി ശങ്കരമഠാധിപതി മോദിക്കെതിരെ പ്രചാരണം നടത്തുന്നതിന് വാരാണസിയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. ഹൈന്ദവ ആത്മീയ നേതാക്കളായ പുരി മഠാധിപതി സ്വാമി അധോക്ഷ്ജ്ഞാനന്ദ് ദേവ്ദിരത്തും ദ്വാരക മഠാധിപതി സ്വാമി സ്വരൂപാനന്ദുമാണ് ഗുജറാത്ത് കലാപത്തില്‍ മോദി സ്വീകരിച്ച നിലപാടിനെ ഉയര്‍ത്തിക്കാട്ടി വാരാണസിയില്‍ പ്രചാരണം നടത്താനൊരുങ്ങുന്നത്.
വാരാണസിയിലെ മത നേതാക്കളോട് മോദിക്കെതിരായ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ഇവര്‍ വ്യക്തമാക്കി. മോദി കുറ്റവാളിയും പാപിയുമാണെന്നും അദ്ദേഹത്തിനെതിരെ ശക്തമായി പ്രചാരണം നടത്തുമെന്നും പുരി ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിക്കുവേണ്ടി പ്രചാരണം നടത്താനല്ല വാരാണസിയില്‍ പോകുന്നത്. മതേതര കക്ഷികള്‍ അധികാരത്തില്‍ വരണമെന്നതാണ് തന്റെ ആഗ്രഹം. പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ടുള്ള മോദിയെ നീതിബോധമുള്ള ആരും ഇഷ്ടപ്പെടുകയില്ല. മനുഷ്യരുടെ കൂട്ടക്കൊലക്ക് മോദി ഉത്തരവാദിയാണ്. മോദി മുഖ്യമന്ത്രിയായി മാസങ്ങള്‍ക്കുള്ളില്‍തന്നെ ഗുജറാത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നുവെന്ന് ശങ്കരാചാര്യര്‍ ആരോപിച്ചു. 2002 ലെ കലാപത്തെത്തുടര്‍ന്ന് താന്‍ ഗുജറാത്തില്‍ പോയി അവിടുത്തെ സാഹചര്യങ്ങള്‍ക്ക് സാക്ഷിയായിരുന്നു.
മോദി ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തിന് ജനങ്ങളെ നയിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വമില്ലെന്നും ശങ്കരാചാര്യര്‍ വ്യക്തമാക്കി. മോദി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കി അധികാരം നേടാനാണ് ശ്രമം നടത്തുന്നത്. കൈയൂക്ക് ഉപയോഗിച്ച് അധികാരം സമ്പാദിക്കാമെന്ന ഭാവമാണ് മോദിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വഴിതെറ്റിക്കുന്നതിനുവേണ്ടി ആര്‍ എസ് എസ് മതത്തെ ഉപയോഗിക്കുകയാണെന്ന് സ്വാമി കുറ്റപ്പെടുത്തി. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ബി ജെ പി നേതാക്കള്‍ പുറപ്പെടുവിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നവരെ ജനമധ്യത്തില്‍ തുറന്നുകാണിക്കേണ്ടത് ആത്മീയ നേതാക്കന്മാരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പ്രചാരണം നടത്താന്‍ വാരാണസിയിലേക്ക് പോകും പുരി മഠാധിപതി പറഞ്ഞു. ഈ മാസം 12നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2002ല്‍ ഗുജറാത്തില്‍നടന്ന കലാപത്തിനുത്തരവാദിയായ മോദി കള്ളപ്രചാരണം ഉയര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മോദിയെ എതിര്‍ക്കണമെന്ന് വാരാണസിയില്‍ പോയി താന്‍ മതനേതാക്കളോട് ആവശ്യപ്പെടുമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു. ഒരു സാമൂഹികസാംസ്‌കാരിക സംഘടനയായി നിലനില്‍ക്കുന്നതിനെക്കാള്‍ രാഷ്ട്രീയ പാര്‍ട്ടിയായി ആര്‍ എസ്എസ് രംഗത്തുവരണം.
ഉത്തര്‍പ്രദേശിലെ മുസഫര്‍പൂരില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തെ ഗുജറാത്ത് കലാപവുമായി താരതമ്യപ്പെടുത്താന്‍ പാടില്ല. ഗുജറാത്തില്‍ ഭരിക്കുന്നവരുടെ ആശീര്‍വാദത്തോടെയാണ് കലാപം അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകാരണങ്ങളാല്‍ മോദിക്കെതിരെ പ്രചാരണത്തിന് ധ്വാരകയില്‍ പോകുന്നില്ലെന്നും തന്റെ അടുത്ത അനുയായി സ്വാമി അവിമുക്തേശ്വരാനന്ദയെ ഇതിനായി നിയോഗിച്ചെന്നും ധ്വാരക മഠാധിപതി സ്വരൂപാനന്ദ പറഞ്ഞു. നേരത്തെ ഹര ഹര മോദി ശ്ലോകത്തിനെതിരെ ശക്തമായി രംഗത്ത് വന്നത് സ്വാമി സ്വരൂപാനന്ദയായിരുന്നു.