വേലക്കാരന്‍ പീഡിപ്പിച്ച സ്വദേശി വൃദ്ധനെ ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ സന്ദര്‍ശിച്ചു

Posted on: May 2, 2014 10:17 pm | Last updated: May 2, 2014 at 10:17 pm
SHARE

New Imageദുബൈ: വേലക്കാരനായ ബംഗ്ലാദേശ് സ്വദേശിയുടെ ക്രൂരമായ പീഡനത്തിനിരയായ 88 കാരന്‍ സ്വദേശി വൃദ്ധനെ ദുബൈ ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ സന്ദര്‍ശിച്ചു. ചികിത്സക്കും തുടര്‍ പരിചരണത്തിനുമായി ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുള്ള ഫാമിലി ഗാതറിംഗ് സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് വൃദ്ധന്‍.
ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസാ അല്‍ മൈദൂറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് ഇന്നലെ രാവിലെ വൃദ്ധനെ സന്ദര്‍ശിച്ചത്. വൃദ്ധന്റെ മകളുമായി പിതാവിന്റെ ആരോഗ്യ കാര്യങ്ങള്‍ മൈദൂര്‍ ചര്‍ച്ച ചെയ്തു
പിതാവിനാവശ്യമായ മുഴുവന്‍ ശാരീരിക മാനസിക പരിചരണവും ചികിത്സയും ഡി എച്ച് എ നല്‍കുമെന്ന് വൃദ്ധന്റെ മകളോട് മൈദൂര്‍ ഉറപ്പുനല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫുജൈറ ദിബ്ബയിലെ വീട്ടില്‍വെച്ച് സ്വദേശി വൃദ്ധനെ വേലക്കാരന്‍ മുഖത്തും വടികൊണ്ട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിച്ച സംഭവമുണ്ടായത്. സംഭവം രാജ്യത്ത് ഏറെ ചര്‍ച്ചക്ക് കാരണമായിരുന്നു. സംശയം തോന്നിയ മക്കള്‍ പിതാവിന്റെ റൂമില്‍ രഹസ്യമായി സ്ഥാപിച്ച കാമറയിലൂടെയാണ് പീഡനം കണ്ടെത്തിയത്. പ്രതിയായ വേലക്കാരന്‍ പോലീസ് കസ്റ്റഡിയിലാണ്.