മൃഗ സംരക്ഷണ പരിപാലന രംഗത്ത് സംസ്ഥാന തലത്തില്‍ പുതിയ പദ്ധതികള്‍ വരുന്നു

Posted on: May 1, 2014 12:06 am | Last updated: May 1, 2014 at 12:06 am

കല്‍പ്പറ്റ: മൃഗസംരക്ഷണ പരിപാലന രംഗത്ത് സംസ്ഥാന തലത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കുടുംബശ്രീയും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയും തീരുമാനിച്ചതായി കുടുംഭശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ ബി വല്‍സലകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതികളും പരിപാടികളും തയാറാക്കുന്നതിനായി ഉപസമിതി രൂപവത്കരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും.
കമ്മ്യുനിറ്റി കോളജ്, കോഴിക്കൂട്ടം പദ്ധതി, പാരാവെറ്റ് (മൃഗസംരക്ഷണ ലിങ്കേജ് വര്‍ക്കേഴ്‌സ്), ജില്ലകളില്‍ റിസോഴ്‌സ് സെന്ററുകള്‍ (വിവര സാങ്കേതിക വിനിമയം), ഉപജീവന സംരംഭകര്‍ക്കുള്ള വിവിധ പരിശീലനങ്ങള്‍, അധിക വരുമാന ദായക പ്രവര്‍ത്തനങ്ങള്‍, വില്ലേജ് റിസോഴ്‌സ് സെന്ററുകളിലൂടെ വിവര വിനിമയം, അക്കാദമിക പിന്തുണയുടെ ഭാഗമായി ഡിപ്ലോമ ഇന്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
മുട്ട, പാല്‍. ഇറച്ചി ഉത്പാദനം ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാനും ഉദ്ദേശിച്ചാണ് ഈ കൂട്ടായ്മ. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഉപജീവന സംരംഭങ്ങളിലൂടെ വരുമാനം ഉറപ്പാക്കുന്നതിനായി മൃഗസംരക്ഷണ, പരിപാലന രംഗത്ത് കുടുംബശ്രീ സംസ്ഥാന തലത്തില്‍ വിവിധങ്ങളായ പദ്ധതികളും പരിപാടികളും ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷന്റെ അനുമതിയോടുകൂടി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കുടുംബശ്രീ സി ഡി എസ്സുകളുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ഇവക്കാവശ്യമായ തുടര്‍ പിന്തുണാ സംവിധാനവും ശാസ്ത്രീയ പരിശീലനവും ഉറപ്പാക്കും. ആട്ഗ്രാമം, ക്ഷീരസാഗരം, കോഴിക്കൂട്ടം, പദ്ധതികള്‍ക്ക് പുറമെ മുയല്‍ വളര്‍ത്തല്‍, പോത്ത്കുട്ടി പരിപാലനം, കാട വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പശു വളര്‍ത്തല്‍ തുടങ്ങിയ പരിപാടികളും കുടുംബശ്രീ സംസ്ഥാന തലത്തില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ഇത് നടുപ്പാക്കുക.