Connect with us

Editorial

കള്ളപ്പണവും കണ്ണ പൊത്തിക്കളിയും

Published

|

Last Updated

ജര്‍മനിയിലെ ലീഷന്‍സ്‌റ്റെയിന്‍ എല്‍ ജി ടി ബേങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 26 ഇന്ത്യക്കാരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറുകയുണ്ടായി. നേരത്തെ പേരുകള്‍ നല്‍കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍, നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ ഇപ്പോള്‍ കൈമാറാന്‍ സന്നദ്ധമായത്. പട്ടികയില്‍ കേരളീയനും എം ആര്‍ എഫ് എം ഡിയുമായിരുന്ന മാമ്മന്‍ മാത്യുവിന്റെ പേരും ഉള്‍പ്പെടും. ജര്‍മനിയില്‍നിന്ന് 26 പേരുടെ പട്ടിക ലഭിച്ചെങ്കിലും പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരായ 18 പേരുകള്‍ മാത്രമാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തോടെ സീല്‍ വെച്ച കവറിലാണ് സമര്‍പ്പിച്ചത്.
കള്ളപ്പണത്തിന്റെ പെരുപ്പം രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമാണ്. സമാന്തര സമ്പദ്‌വ്യവസ്ഥയെന്ന മട്ടില്‍ വിദേശ ബേങ്കുകളിലും കമ്പനികളിലുമായി പെരുകിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പന്നരുടെ കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി കുറ്റപ്പെടുത്തുകയുണ്ടായി. വിദേശ സ്ഥാപനങ്ങളിലെ കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് രൂപരേഖ തയാറാക്കാന്‍ 2011ല്‍ കോടതി സ്വതന്ത്ര സമിതിയെ നിയമിക്കുകയും പ്രത്യേക സംഘത്തെ അതിനായി നിയമിക്കണമെന്ന് 2012 ജൂലൈയില്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ട് മുന്‍ സുപ്രീം കോടതി ജഡ്ജിമാരും ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയുടെ മേധാവികളും ഉള്‍പ്പെടുന്ന സ്വതന്ത്ര സമിതിയെ പ്രവര്‍ത്തന സജ്ജമാക്കാനോ പ്രത്യേക സംഘത്തെ അയച്ചു കള്ളപ്പണം തിരിച്ചു പിടിക്കാനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായില്ല.
മൂന്ന് വര്‍ഷം മുമ്പ് അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി വിദേശ ബേങ്കുകളിലെ കള്ളപ്പണത്തിന്റെ കണക്ക് പാര്‍ലിമെന്റില്‍ വെളിപ്പെടുത്തുകയും ഇതു സംബന്ധിച്ചു ധവളപത്രമിറക്കാമന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായെങ്കിലും പണം ആരുടേതെല്ലാമാണെന്ന് വെളുപ്പെടുത്തുകയുണ്ടായില്ല. അവരുടെ പേരുകള്‍ പരസ്യപ്പെടുത്താന്‍ പലതവണ സ്വിസ് സര്‍ക്കാര്‍ സമ്മതമാവശ്യപ്പെട്ടിട്ടും ഇന്ത്യ വിസമ്മതിക്കുയാണുണ്ടായത്. വെളിപ്പെടുത്തിയാല്‍ വെട്ടിലാകുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കും. വിദേശ ബേങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചവരില്‍ രാജ്യത്തെ വ്യവസായ പ്രമുഖരും അധോലോക രാജാക്കന്മാരും മാത്രമല്ല എം പി മാരും മന്ത്രിമാരുമൊക്കെയുണ്ട്. കോടതിക്ക് മുമ്പില്‍ പോലും സര്‍ക്കാറിന് ഒളിച്ചുകളിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. മാത്രമല്ല രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ വരുമാന സ്രോതസ്സും കള്ളപ്പണക്കാരാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ കണക്ക് പ്രകാരം 2005 മുതല്‍ 2012 വരെയുള്ള ഏഴ് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങി രാജ്യത്തെ ആറ് പ്രധാന പാര്‍ട്ടികള്‍ക്ക് ലഭിച്ച വരുമാനത്തിന്റെ 75 ശതമാനവും കള്ളപ്പണമാണ്. ഏകദേശം 4,896 കോടി രൂപ വരുമിത്.
വിദേശ ബേങ്കുകളിലും രഹസ്യ കമ്പനികളിലുമായി വ്യാജ പേരുകളിലും ബന്ധുക്കളുടെ പേരിലും കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ എണ്ണം ആയിരക്കണക്കിന് വരും. ഹോംങ്കോങ് ഷാങ്ഹായി ബേങ്കില്‍ പണം സൂക്ഷിച്ച 700 ഇന്ത്യക്കാരുടെ പേരുകള്‍ 2011ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയിരുന്നു. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റിലെ കമ്പനികളില്‍ പണമിറക്കിയ 612 ഇന്ത്യക്കാരുടെ പേരുകള്‍ കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളും പ്രസിദ്ധപ്പെടുത്തിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം അറുപത്തി ആറായിരം കോടി രൂപയുടെ നിക്ഷേപമുണ്ട് സ്വിസ് ബേങ്കുകളില്‍. അന്ന് പ്രതിപക്ഷ നേതാവ് അഡ്വാനി ആരോപിച്ചത് ഈ കണക്ക് തെറ്റാണെന്നും ഇന്ത്യന്‍ സമ്പന്നരുടെ വിദേശ നിക്ഷേപം ഇരുപത്തഞ്ച് ലക്ഷം കോടിയെങ്കിലും വരുമെന്നുമാണ്. ഈ പണം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ അതില്‍ നിന്ന് ന്യായമായി ലഭിക്കേണ്ട നികുതി വിഹിതമെങ്കിലും ഈടാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചിരുന്നെങ്കില്‍ രാജ്യം അഭിമുഖികരിക്കുന്ന വിദേശ നാണയ പ്രതിസന്ധിയും ബജറ്റ് ധനക്കമ്മി പ്രതിസന്ധിയുമെല്ലാം പരിഹരിക്കാമായിരുന്നു. കള്ളപ്പണക്കാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ഇതിന് തടസ്സം. ഈ ബന്ധം നിലനില്‍ക്കുന്ന കാലത്തോളം ഒരു കോടതി നടപടിക്കും കള്ളപ്പണക്കാരെ നിയന്ത്രിക്കാനോ വിദേശത്തുള്ള കള്ളപ്പണം തിരിച്ചു പിടിക്കാനോ സാധിക്കില്ല.