പാര്‍കിംഗ് സ്ഥലത്തെ കച്ചവടം പൊളിച്ചുനീക്കാന്‍ നടപടി

Posted on: April 30, 2014 11:57 pm | Last updated: April 30, 2014 at 11:57 pm

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ കെട്ടിടനിര്‍മ്മാണാനുമതിക്ക് വിരുദ്ധമായി വ്യാപാരാവശ്യത്തിന് പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ അടച്ചുനിര്‍മിച്ച 15 കെട്ടിടങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടി വരുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ചീഫ് ടൗണ്‍പ്ലാനര്‍ ഈപ്പന്റെ നേതൃത്വത്തില്‍ ടൗണ്‍പ്ലാനിങ്ങ് വിജിലന്‍സ് വിഭാഗം നഗരത്തിലെത്തി പ്രസ്തുത കെട്ടിടങ്ങളില്‍ പരിശോധന നടത്തി. 15 കെട്ടിടങ്ങളുടെ ലിസ്റ്റുമായാണ് സി ടി പി എത്തിയത്. കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥരുമൊത്തായിരുന്നു പരിശോധന.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുടെ തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് ഭരണകാലത്തെ ആസൂത്രണ സമിതി അധ്യക്ഷന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയെ തുടര്‍ന്നായിരുന്നു കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. കയ്യേറ്റം പൊളിച്ചു നീക്കാന്‍ 15 കെട്ടിട ഉടമകള്‍ക്കും നോട്ടീസ് നല്‍കി ശക്തമായ നടപടി ആരംഭിച്ചതാണെങ്കിലും നടപടികള്‍ മരവിപ്പിക്കുകയായിരുന്നു.
അതേസമയം ചില കെട്ടിട ഉടമകള്‍ പാര്‍ക്കിങ്ങ് ഭാഗികമായെങ്കിലും പുനസ്ഥാപിക്കാന്‍ തയ്യാറായി. ഏഴ് വര്‍ഷമായി ഫയല്‍ നടപടിയില്ലാതെ ചുവപ്പുനാടയില്‍ കുടുങ്ങികിടക്കുകയായിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് വരെ നിരന്തരമായി കോര്‍പ്പറേഷന് സര്‍ക്കാരില്‍ നിന്ന് കത്തയച്ചെങ്കിലും മറുപടിയും നടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിജിലന്‍സ് മേധാവി ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ അന്വേഷണത്തിനെത്തിയത്. പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ പുനസ്ഥാപിക്കാന്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഹൈറോഡിലെ ഒരു കെട്ടിടനിര്‍മ്മാണത്തെ സംബന്ധിച്ചും ചിഫ് ടൗണ്‍പ്ലാനര്‍ അന്വേഷണം നടത്തി. ശ്രീധരന്‍ തേറമ്പില്‍ അയച്ച പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു പരിശോധന. അനധികൃത നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്‍ ടൗണ്‍പ്ലാനിംഗ് വിഭാഗം നിയമവിരുദ്ധമായി അനുമതി നല്‍കിയതായും ചിഫ് ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരായും നടപടിയുണ്ടാകുമെന്നാണ് സൂചന. അനധികൃത നിര്‍മ്മാണം സംബന്ധിച്ച കോര്‍പ്പറേഷന് രേഖാമൂലം പരാതി ലഭിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.