Connect with us

Techno

എഡിറ്റ് ചെയ്യാവുന്ന മൗസ് സ്‌കാനറുമായി ടെക്‌നോപാര്‍ക്ക് കമ്പനി

Published

|

Last Updated

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റംസ്, സ്‌കാനിംഗ് സംവിധാനമുളള കമ്പ്യൂട്ടര്‍ മൗസിന്റെ വിപണനത്തിനായി മോബ്‌സ്‌കാന്‍ സിസ്റ്റംസ് ആന്‍ഡ് സൊല്യൂഷന്‍സുമായി ധാരണയിലെത്തി. ഡക്ക്യൂഡ എ ജി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സഹകരണത്തോടെ ജെനസിസ് ഇന്റര്‍നാഷനല്‍ യു എ ഇ യാണ് മോബ്‌സ്‌കാന്‍ വികസിപ്പിച്ചെടുത്തത്. സമൂഹത്തിനു ഉപകാരപ്രദമാകുന്ന രീതിയില്‍ നൂതന സാങ്കേതിക വിദ്യ വളര്‍ത്തിയെടുക്കുന്നതില്‍ ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും ടെക്‌നോപാര്‍ക്കിലെ ആദ്യകാല കമ്പനിയായ സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റംസ് പുറത്തിറക്കുന്ന മോബ്‌സ്‌കാന്‍ എന്ന പുതിയ ഉത്പന്നം ഇതിനു ഉദാഹരണമാണെന്നും മോബ്‌സ്‌കാന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സ്‌കാന്‍ ചെയ്ത ഘടകത്തെ മോബ്‌സ്‌കാന്‍ ഉപയോഗിച്ച് വേര്‍ഡ്, എക്‌സെല്‍ തുടങ്ങിയവയിലേക്ക് മാറ്റി എഡിറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് മോബ്‌സ്‌കാനിന്റെ പ്രത്യേകത. 1200 സി പി ഐ ലേസര്‍ സെന്‍സര്‍ ശേഷിയുളള സോഫ്റ്റ്‌വെയര്‍ അടക്കം ചെയ്തിരിക്കുന്ന മോബ്‌സ്‌കാനില്‍ നിന്ന് 400 ഡി പി ഐ കൃത്യതയുളള ഡാറ്റാ ലഭിക്കും. പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്ന വസ്തുക്കളെ റോബോട്ടിക്‌സ് തത്വമുപയോഗിച്ച് കമ്പ്യൂട്ടറില്‍ ശേഖരിക്കുന്ന പ്രവര്‍ത്തനമാണ് മോബ്‌സ്‌കാന്‍ നിര്‍വഹിക്കുന്നത്. കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍, അവയുടെ എഡിറ്റിംഗ്, കൈമാറ്റം എന്നിവ ഒറ്റ ക്ലിക്കില്‍ മോബ്‌സ്‌കാന്‍ നിര്‍വഹിക്കും. ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ 190 ഭാഷകളില്‍ ഇതു സാധ്യമാണ്. ഉപയോഗിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് മോബ്‌സ്‌കാന്‍ എന്ന ഈ ഉപകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌കാന്‍ ചെയ്യാനുദ്ദേശിക്കുന്ന വസ്തുവിന്‍ മേല്‍ മൗസ് ഇടതു നിന്നും വലത്തോട്ട് ചലിപ്പിക്കുന്ന മുറക്ക് സ്‌കാനിംഗ് പ്രക്രിയ നടക്കുന്നു. ദൃശ്യങ്ങളോ അക്ഷരങ്ങളോ പട്ടികകളോ എന്തുമാവട്ടെ മോബ്‌സ്‌കാന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാം.
വിദ്യാഭ്യാസം, പരിശീലനം, ബേങ്കിംഗ്, പരസ്യം, അച്ചടി, പ്രസാധനം, വാസ്തുശില്‍പ നിര്‍മിതി തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മോബസ്‌കാന്‍ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് മോബസ്‌കാന്‍ വിപണനം ഏറ്റെടുത്തിട്ടുളള സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റം സി ഇ ഒ യും ഡയറക്ടറുമായ രാജു ഹരിലാല്‍ അവകാശപ്പെട്ടു.