കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണം: ഐക്യവേദി

Posted on: April 30, 2014 11:49 am | Last updated: April 30, 2014 at 11:49 am

കൊടുവള്ളി: താമരശ്ശേരി കോവിലകം റോഡില്‍ 52 വര്‍ഷത്തോളമായി താമസിച്ചിരുന്ന പട്ടികജാതിക്കാരുടെ വീടുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പട്ടികജാതി-വര്‍ഗ ഐക്യവേദി മേഖലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വെള്ളായി, സ്രീധരന്‍ തുടങ്ങിയവരുടെ വീടുകളാണ് ജെ സി ബി ഉപയോഗിച്ച് വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്ത് നശിപ്പിച്ചത്. വീടുകള്‍ക്ക് പഞ്ചായത്തിന്റെ കെട്ടിട നമ്പറും തഹസില്‍ദാര്‍ നല്‍കിയ കൈവശരേഖയുമുണ്ടെന്നവര്‍ ചൂണ്ടിക്കാട്ടി. പോലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല.
സംഭവം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സൈക്രട്ടറി പി ഗോവിന്ദന്‍, എം വേലായുധന്‍, പി കെ കുഞ്ഞിക്കണ്ണന്‍, ചോലക്കര വിജയന്‍ സംബന്ധിച്ചു.