നിലമ്പൂര്‍ താലൂക്കാശുപത്രിയിലെ പുതിയ വാര്‍ഡുകള്‍ അഞ്ചിന് തുറക്കും

Posted on: April 30, 2014 11:22 am | Last updated: April 30, 2014 at 11:22 am

നിലമ്പൂര്‍: താലൂക്കാശുപത്രിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും തീരെ കിടപ്പിലായവര്‍ക്കും മാറാരോഗമുള്ളവര്‍ക്കുമായുമുള്ള പുതിയ വാര്‍ഡ് അടുത്തമാസം അഞ്ചിന് പ്രവര്‍ത്തനമാരംഭിക്കും.
വിപുലീകരിച്ച കുട്ടികളുടെ ഡയാലിസിസ് സെന്റര്‍ ജൂണ്‍ പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും. നിലവിലുള്ള പുതിയ മൂന്ന് മെഷിനുകള്‍ക്ക് പുറമേ പുതിയ ഏട്ട് മെഷിനുകള്‍കൂടി പ്രവര്‍ത്തനക്ഷമമാക്കും. മെഷിനുകളില്‍ നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്കും നിലമ്പൂരിലെ സ്വകാര്യ വ്യക്തിയും മൂന്ന് വീതവും നിലമ്പൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടെണ്ണവും നല്‍കിയിട്ടുണ്ട്.
ഡയാലിസിസ് സെന്ററിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നഗരസഭയും വ്യാപാരികളും ചേര്‍ന്നാണ് കെട്ടിടം നിര്‍മിച്ചത്. ഡയാലിസിസിന് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്ന ആര്‍ ഒ പ്ലാന്റിന്റെ ശേഷി 1500 ലീറ്റര്‍ ആക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
ഇപ്പോള്‍ 1000 ലിറ്ററാണ് ശേഷി. ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദിവസം 22 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ഇതോടെ മേഖലയിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് മുഴുവനും ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാകും. ഒരു രോഗിക്ക് ഒരു തവണ ഡയാലിസിസ് ചെയ്യാന്‍ 800 രൂപ വരെ ചിലവാകും.
വര്‍ഷത്തില്‍ 63,36000 രൂപ ഈ ഇനത്തില്‍ കണ്ടെത്തേണ്ടതായുണ്ട്. ഇതിനുള്ള വിഭവ സമാഹരണത്തിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്‍കുബേറ്റര്‍ സൗകര്യത്തോടുകൂടിയ നവജാത ശിശുക്കളുടെ വാര്‍ഡ് ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകും.
വെന്റിലേറ്റര്‍ സൗകര്യത്തോടുകൂടിയ ഐ സി യു നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ലബോറട്ടറിയിലെയും ഫാര്‍മസിയിലെയും തിരക്ക് കുറക്കാന്‍ പുതിയ കൗണ്ടറുകള്‍ തുടങ്ങുന്ന പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കോടി രൂപ ചെലവില്‍ പുതിയതായി ആരംഭിക്കുന്ന മെറ്റേണിറ്റി വാര്‍ഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കാനും താലൂക്കാശുപത്രിയില്‍ ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ തീരുമാനമായി. എച്ച് എം സി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പി സീമാമു, എച്ച് എം സി അംഗങ്ങളായ എ ഗോപിനാഥ്, കെ ടി കുഞ്ഞാന്‍, പി ടി ഉമ്മര്‍, അഡ്വ.ബാബു മോഹനക്കുറുപ്പ്, പാലോളി മെഹബൂബ്, ദേവശ്ശേരി മുജീബ്, കെ റഹീം, പത്മിനി ഗോപിനാഥ്, രജനി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.