വണ്ടൂരിലെ മാലിന്യ സംസ്‌കരണ പദ്ധതി പഞ്ചായത്ത് നിര്‍ത്തിവെച്ചു

Posted on: April 30, 2014 10:52 am | Last updated: April 30, 2014 at 10:52 am

വണ്ടൂര്‍: മാതൃകാ പദ്ധതിയെന്ന നിലയില്‍ ഏറെ കൊട്ടിഘോഷിച്ച വണ്ടൂരിലെ മാലിന്യ സംസ്‌കരണ പദ്ധതി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു.
പദ്ധതിയോട് നേരത്തെ സഹകരിച്ചിരുന്ന വ്യാപാരികളുടെ പിന്തുണയില്ലാതെ വന്നതോടെയാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ യോഗത്തില്‍ തീരുമാനമായത്. കാലങ്ങളായി വണ്ടൂര്‍ പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഏറെ തലവേദന സൃഷ്ടിച്ച മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 ന് മൊബൈല്‍ ഇന്‍സിനേറ്ററുകള്‍ സ്ഥാപിച്ച് മാലിന്യ സംസ്‌കരണത്തിന് തുടക്കം കുറിച്ചത്.
രണ്ട് മൊബൈല്‍ ഇന്‍സിനേറ്ററുകളാണ് ഇതിനായി സ്ഥാപിച്ചിരുന്നത്. അങ്ങാടികളിലെ കച്ചവട സ്ഥാപനങ്ങളും മറ്റും മാലിന്യങ്ങള്‍ റോഡിലിട്ട് കത്തിക്കുകയോ അങ്ങാടിയിലൂടെ ഒഴുകുന്ന തോടുകളിലും നിക്ഷേപിക്കുന്ന രീതിയായിരുന്നു അനുവര്‍ത്തിച്ചുപോരുന്നത്.
മാലിന്യ സംസ്‌കരണത്തിന് സ്ഥലമില്ലാത്തതിനാല്‍ പലരും പാതയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുക പതിവായതിനാലാണ് പുതിയ പദ്ധതികള്‍ ആരംഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വണ്ടൂര്‍ പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ വണ്ടൂരിലും വാണിയമ്പലത്തുമാണ് ഇന്‍സിനേറ്ററുകള്‍ സ്ഥാപിച്ചത്.
ദേശീയ ഗ്രാമീണ പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗപ്പെടുത്തി അങ്ങാടികളില്‍ നിന്നും ദൈനംദിനം മാലിന്യം ശേഖരിക്കുകയും ഇത് ഇന്‍സിനേറ്ററില്‍ നിക്ഷേപിച്ച് സംസ്‌കരിച്ചുമാണ് പദ്ധതി തുടര്‍ന്നിരുന്നത്. തൊഴിലാളികള്‍ക്കുള്ള വേതനം വ്യാപാരികളുടെ കൂട്ടായ്മയാണ് നല്‍കി വന്നിരുന്നത്.
ഇതിനിടെ കച്ചവടക്കാരുടെ സഹകരണം കുറഞ്ഞതോടെ മണലിമ്മല്‍പാടം ബസ്സ്റ്റാന്റിലെ ഇന്‍സിനേറ്ററിന് സമീപം മാലിന്യം കുന്നുകൂടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലാണ് മാലിന്യം കച്ചവട സ്ഥാപനങ്ങള്‍ സ്വയം സംസ്‌കരിക്കണമെന്ന തീരുമാനമുണ്ടായത്.
നിലവില്‍ മണലിമ്മല്‍ സ്റ്റാന്റില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ പഞ്ചായത്ത് ശൂചീകരിക്കാനും തീരുമാനമായി. അടുത്ത മാസം ഒന്നു മുതല്‍ പൊതുസ്ഥലങ്ങളിലും രണ്ട് ബസ്സ്റ്റാന്റുകളിലുമുള്ള മാലിന്യങ്ങള്‍ മാത്രമാണ് പഞ്ചായത്ത് സംസ്‌കരിക്കുക. അല്ലാത്തവ കച്ചവടക്കാര്‍ തന്നെ സംസ്‌കരിക്കണം.