Connect with us

Malappuram

മൂന്നാക്കല്‍ പള്ളി ഭരണം വഖ്ഫ് ബോര്‍ഡ് ഏറ്റെടുത്തു

Published

|

Last Updated

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ പുരാതനവും പ്രസിദ്ധവുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂന്നാക്കല്‍ ജുമാ മസ്ജിദ് ഭരണം കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തു. ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ടി ഒ സൂരജ് ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഭരണം ഏറ്റെടുത്തത്. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍, ബ്യൂറോ ഡയറക്ടറുടെ പള്ളി കമ്മിറ്റി പുനരേകീകരിക്കണമെന്ന ഉത്തരവിന്റെയും എം എ നിസാറിന്റെ (റിട്ട. ജില്ലാ ജഡ്ജ്) നേതൃത്വത്തിലുള്ള വഖ്ഫ് എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കിയത്. 1995ലെ വഖ്ഫ് നിയമം 2013ലെ ഭേദഗതി 63ാം വകുപ്പ് പ്രകാരമാണ് മുതവല്ലിയെ നിയമിച്ച് ഭരണം ബോര്‍ഡ് ഏറ്റെടുത്തത്.
ദിവസേന ആയിരങ്ങള്‍ തീര്‍ഥാടനത്തിനെത്തുന്ന പള്ളിയില്‍ നേര്‍ച്ചയിനത്തിലും അരി നേര്‍ച്ചയിനത്തിലും വന്‍തുക വരുമാനമായി ലഭിക്കുന്നുണ്ട്. ഇതിന്റെ വിനിയോഗം സംബന്ധമായി വിവിധ പരാതികളും കേസുകളും നിലവിലുണ്ടായിരുന്നു. ഭരണപരമായ അനിശ്ചിതത്വം ഒഴിവാക്കി കാര്യങ്ങള്‍ സുതാര്യമാക്കുന്നതിനാണ് അഡ്മിനിസ്‌ട്രേറ്റര്‍ വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫീസര്‍ റഹ്മത്തുല്ല നാലകത്തിനെ ഇടക്കാല മുതവല്ലിയായി നിയമിച്ചത്. പാരമ്പര്യ മുതവല്ലിയാണോ, തിരഞ്ഞെടുത്ത ഭരണസമിതിയാണോ പള്ളിയുടെ ഭരണം നടത്തേണ്ടതെന്നും തര്‍ക്കമുണ്ടായിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി 28. 08. 2010ന് അവാനിച്ചതിനാല്‍ മുതവല്ലി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് താത്കാലിക പരിഹാരമാണ് പുതിയ നടപടി. ഇന്നലെ രാവിലെ റഹ്മത്തുല്ല നാലകത്ത്, ലീഗല്‍ അസിസ്റ്റന്റ് എന്‍ റഹീം, എക്‌സിക്യുട്ടീവ് ഓഫീസര്‍ പി വി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് ഉത്തരവ് കൈമാറി ഭരണം ഏറ്റെടുത്തു.

---- facebook comment plugin here -----

Latest