പുതിയ പ്ലസ്ടു സ്‌കൂളുകള്‍ക്ക് അനുമതി; വാര്‍ഡ് വിഭജനം വേണമെന്ന് യു ഡി എഫ്‌

Posted on: April 30, 2014 12:20 am | Last updated: April 30, 2014 at 12:20 am

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ആവശ്യാനുസരണം പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ യു ഡി എഫ് അനുമതി നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം നടത്താനും യോഗം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. പ്ലസ്ടു സ്‌കൂള്‍ അനുവദിക്കുന്നത് സംബന്ധിച്ച് നിയോഗിച്ച മന്ത്രിതല ഉപസമിതി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമിതിയില്‍ അംഗങ്ങളല്ലാത്ത മന്ത്രിമാരുള്ളതും അല്ലാത്തതുമായ ഘടക കക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം. അതിനു ശേഷമേ സ്‌കൂളുകള്‍ അനുവദിക്കുന്ന മാനദണ്ഡവും പട്ടികയും യു ഡി എഫിന് സമര്‍പ്പിക്കാവൂ എന്നും യോഗത്തിനു ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി. 148 പഞ്ചായത്തുകളിലാണ് ഇപ്പോള്‍ പ്ലസ്ടു സ്‌കൂളുകള്‍ ഇല്ലാത്തത്. ഇതില്‍ വിസ്തൃതി കൂടിയ പഞ്ചായത്തുകളില്‍ ഒന്നിലധികം സ്‌കൂളുകള്‍ അനുവദിക്കേണ്ടി വരും. ഇക്കാര്യവും ഉപസമിതി പരിശോധിക്കണം. വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യം ലഭിക്കുന്ന തരത്തില്‍ ആവശ്യാനുസരണം പ്ലസ്ടു സ്‌കൂളുകള്‍ എന്നതാണ് യു ഡി എഫ് നയം. ഇക്കാര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും പരിശോധിക്കേണ്ടി വരും. സര്‍ക്കാര്‍, സഹകരണം, വ്യക്തിഗത മാനേജ്‌മെന്റ് എന്ന പരിഗണനയില്‍ മാത്രമാകും പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുകയെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡുകളുടെ എണ്ണം കൂട്ടണമെന്നാണ് യു ഡി എഫിന്റെ നിര്‍ദേശം. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു വാര്‍ഡ് എന്നതാണ് നയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ സ്വാഭാവികമായും വാര്‍ഡുകളുടെ എണ്ണവും കൂട്ടേണ്ടി വരും. അതേസമയം, ചില പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കണമെന്ന നിര്‍ദേശവും മുന്നിലുണ്ട്. ഈ രണ്ട് കാര്യങ്ങള്‍ പരിശോധിക്കാനായി പി പി തങ്കച്ചന്‍ ചെയര്‍മാനായും കെ പി എ മജീദ് കണ്‍വീനറായും ഉപസമിതി രൂപവത്കരിച്ചു. എം എം ഹസന്‍, പി സി ജോര്‍ജ്, എന്‍ കെ പ്രേമചന്ദ്രന്‍, ഷെയ്ഖ് പി ഹാരിസ്, ആര്‍ ബാലകൃഷ്ണ പിള്ള, ജോണി നെല്ലൂര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജെ എസ് എസ്, സി എം പി എന്നിവരോടുള്ള യു ഡി എഫ് സമീപനത്തെ സംബന്ധിച്ച് മെയ് 20ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കോഴിക്കോട് സാമൂതിരി മാനവിക്രമന്‍ രാജ, ചിത്രകാരന്‍ എം വി ദേവന്‍, പത്മശ്രീ കെ വിശ്വനാഥന്‍ എന്നിവരുടെ നിര്യാത്തില്‍ യോഗം അനുശോചിച്ചു.