കോലാഹലമടങ്ങാതെ തെലങ്കാന ബൂത്തിലെത്തുന്നു

Posted on: April 30, 2014 12:18 am | Last updated: April 30, 2014 at 12:18 am

ഹൈദരാബാദ്: സംസ്ഥാനത്തെ ആദ്യ സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ തെലങ്കാനയിലെ വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലും പതിനേഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്), കോണ്‍ഗ്രസ്, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗ് ദേശം പാര്‍ട്ടി (ടി ഡി പി), ബി ജെ പി എന്നീ കക്ഷികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ടി ഡി പിയും ബി ജെ പിയും സഖ്യമായാണ് മത്സരിക്കുന്നത്. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍, ആം ആദ്മി പാര്‍ട്ടി, ലോക്‌സത്ത പാര്‍ട്ടി, സി പി എം, സി പി ഐ എന്നീ കക്ഷികളും ഇവിടെ മത്സരരംഗത്തുണ്ട്.
ടി ആര്‍ എസും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ചില പ്രദേശങ്ങളില്‍ ടി ഡി പി- ബി ജെ പി സഖ്യത്തിനും കാര്യമായ സ്വാധീനമുണ്ട്. തെലങ്കാന രൂപവത്കരണത്തിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തെലങ്കാനയുടെ ‘പിതൃത്വം’ തന്നെയാണ് പ്രധാനമായും കോണ്‍ഗ്രസും ടി ആര്‍ എസും ഉയര്‍ത്തുന്നത്. സംസ്ഥാന രൂപവത്കരണം മാത്രം ലക്ഷ്യമിട്ട് പിറവികൊണ്ട ടി ആര്‍ എസും തെലങ്കാനക്ക് രൂപം നല്‍കിയ കോണ്‍ഗ്രസും ഇക്കാര്യം ഉയര്‍ത്തിയാണ് വോട്ടര്‍മാരെ സമീപിക്കുന്നത്.
ഖമ്മം, നാല്‍ഗൊണ്ട, മഹ്ബൂബ് നഗര്‍, രംഗ റെഡ്ഢി തുടങ്ങിയ ജില്ലകളിലും തലസ്ഥാനമായ ഹൈദരാബാദിലും കാര്യമായ സ്വാധീനമില്ലാത്തതാണ് ടി ആര്‍ എസിനെ കുഴക്കുന്നത്. ഈ അഞ്ച് ജില്ലകളിലും കൂടി 65 നിയമസഭാ മണ്ഡലങ്ങളുണ്ട്. തെലങ്കാനയിലെ മൊത്തം നിയമസഭാ മണ്ഡലങ്ങളുടെ പകുതിയിലേറെ വരും ഇത്. ഹൈദരാബാദിലും രംഗ റെഡ്ഢിയിലും മാത്രമായി 29 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഹൈദരാബാദിലെ മൂന്നില്‍ ഒന്ന് വോട്ടര്‍മാരും തീരദേശ ആന്ധ്രാപ്രദേശിനോട് ആഭിമുഖ്യം കാണിക്കുന്നവരാണ്.
2009ല്‍ മത്സരിച്ച 45 സീറ്റുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ടി ആര്‍ എസ് വിജയിച്ചത്. അന്ന് ടി ഡി പിയുമായി സഖ്യമായിട്ടായിരുന്നു ടി ആര്‍ എസ് മത്സരിച്ചത്. വടക്കന്‍ തെലങ്കാനയിലെ കരിംനഗര്‍, ആദിലാബാദ് എന്നീ ജില്ലകളില്‍ മാത്രമാണ് അന്ന് ടി ആര്‍ എസ് കാര്യമായ സാന്നിധ്യം അറിയിച്ചത്. വാറങ്കല്‍, നിസാമാബാദ്, മേദക് ജില്ലകളില്‍ സ്വാധീനം കുറവായിരുന്നു. എന്നാല്‍, സംസ്ഥാന രൂപവത്കരണത്തിനു ശേഷം സ്ഥിതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാന രൂപവത്കരണത്തിന് കാരണം ടി ആര്‍ എസിന്റെ പ്രവര്‍ത്തനങ്ങളാണെന്ന വാദം ഉയര്‍ത്തിയാണ് റാവുവിന്റെ മുന്നേറ്റം.
തെലങ്കാനയില്‍ സി പി ഐയുമായി സഖ്യമായാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ടി ആര്‍ എസിന് കാര്യമായ സ്വാധീനമില്ലാത്ത മേഖലകളില്‍ സി പി ഐക്കുള്ള ജനപിന്തുണ തുണക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കേന്ദ്രത്തിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരങ്ങള്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. ഇത് മറികടക്കാന്‍ തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ദളിത് വിഭാഗത്തില്‍പ്പെട്ടയാളാകുമെന്നും മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഉപ മുഖ്യമന്ത്രിയുണ്ടാകുമെന്നും കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നുണ്ട്. ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസിന് വെല്ലുവിളിയാകും.
ബി ജെ പി പിന്തുണയോടെയാണ് തെലങ്കാന സംസ്ഥാനം രൂപവത്കൃതമായതെന്നത് അനുകൂലമാകുമെന്ന് ടി ഡി പി ക്യാമ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം മോദി തരംഗവും തുണയാകുമെന്നാണ് ടി ഡി പിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് നേതാവ് ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍ കുമാറിന്റെ നേതൃത്വത്തില്‍ പുതുതായി രൂപവത്കരിച്ച ജനസേന പാര്‍ട്ടി എന്‍ ഡി എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് വിഭജനത്തെ ശക്തമായി എതിര്‍ത്ത ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് നൂറ് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ജനകീയ മുഖമുള്ള സ്ഥാനാര്‍ഥികളെ മുന്നോട്ടു വെക്കാനായില്ലെങ്കിലും നഗര പ്രദേശങ്ങളിലെ വോട്ട് അനുകൂലമാകുമെന്ന പ്രതീക്ഷ ജഗനുണ്ട്.
കേന്ദ്ര മന്ത്രി എസ് ജയ്പാല്‍ റെഡ്ഢി, ടി ആര്‍ എസ് പ്രസിഡന്റ് ചന്ദ്രശേഖര റാവു, മകള്‍ കവിത, ലോക്‌സത്ത പാര്‍ട്ടി പ്രസിഡന്റ് എന്‍ ജയപ്രകാശ് നാരായണന്‍, മുന്‍ ഡി ജി പി വി ദിനേഷ് റെഡ്ഢി, സി പി ഐ സംസ്ഥാന സെക്രട്ടറി കെ നാരായണ, മജ്‌ലിസെ ഇത്തിഹാദുല്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവരാണ് തെലങ്കാനയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നവരില്‍ പ്രമുഖര്‍. തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖര റാവു നിയമസഭയിലേക്കും മത്സരിക്കുന്നുണ്ട്. 1669 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. പതിനേഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 265 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2.81 കോടി വോട്ടര്‍മാര്‍ ഇന്ന് തെലങ്കാനയുടെ വിധിയെഴുതും.