അഹാഡ്‌സ് മാതൃകയില്‍ വയനാട്ടില്‍ 690 കോടിയുടെ സമഗ്ര വികസന പദ്ധതി

Posted on: April 29, 2014 12:45 am | Last updated: April 29, 2014 at 12:45 am

കല്‍പ്പറ്റ: അഹാഡ്‌സ് മാതൃകയില്‍ വയനാട് ജില്ലയില്‍ 690 കോടി രൂപയുടെ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ കരട് തയ്യാറായി. അഹാഡ്‌സ്-കോംപ്രഹെന്‍സീവ് എന്‍വയോണ്‍മെന്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് കമ്മ്യൂനിറ്റി ഡെവലപ്പ്‌മെന്റ് പ്രൊജക്ട് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജയ്ക)യാണ് ധനസഹായം നല്‍കുക.
അട്ടപ്പാടിയില്‍ അഹാഡ്‌സ് നടപ്പാക്കിയ പദ്ധതിയില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ വരുത്തിയാണ് വയനാട്ടില്‍ നടപ്പാക്കുന്നത്. പട്ടികവര്‍ഗ്ഗക്കാരോടൊപ്പം ദാരിദ്ര്യ രേഖക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2009 ല്‍ പ്രസിദ്ധീകരിച്ച ബി പി എല്‍ ലിസ്റ്റായിരിക്കും മാനദണ്ഡമാക്കുക. നീര്‍ത്തടാധിഷ്ഠിത വികസനമാണ് ഈ പദ്ധതിയിലും ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ഡോ. ഇന്ദുചൂഡന്‍ അറിയിച്ചു. 2015 ല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ജയ്കയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള വിവരശേഖരണത്തിന് ജയ്ക പ്രതിനിധികള്‍, വിവിധ ഓഫീസുകള്‍, വീടുകള്‍, കോളനികള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. സാധ്യതാ പഠനത്തിനായി ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്തു. മൂന്ന് മാസം കൊണ്ട് സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
ദരിദ്ര കുടുംബങ്ങളുടെയും കര്‍ഷകരുടെയും ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ഡോ. ഇന്ദുചൂഡന്‍ അറിയിച്ചു. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ് പരമപ്രധാനം. ഭവന, കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്ക് പദ്ധതിയില്‍ മുന്‍തൂക്കം നല്‍കും.
ഭൂരിഭാഗം കര്‍ഷകരും നെല്‍കൃഷി ഉപേക്ഷിച്ചത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വയനാടിന്റെ കാലാവസ്ഥയില്‍ വന്ന മാറ്റം പരിസ്ഥിതി നാശത്തിന്റെ ഫലമാണ്. സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ല എന്ന നിലയിലാണ് വയനാടിനെ പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തത്. ആകെ പദ്ധതി തുകയുടെ 15 ശതമാനവും ഭവന നിര്‍മാണ മേഖലയിലാണ് ചെലവഴിക്കുക. ഇതിനൊപ്പം നെല്‍കൃഷി പ്രോത്സാഹനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വികസനം എന്നിവയാണ് ലക്ഷ്യം. പദ്ധതി നിര്‍വഹണത്തില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടന്‍ ജനപ്രതിനിധികള്‍ക്ക് മുമ്പാകെ പദ്ധതി അവതരിപ്പിക്കും. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കും. കരട് പദ്ധതിയില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു.
ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റമടക്കം ഉപയോഗിച്ച് പദ്ധതിയുടെ സാധ്യതാ പഠനം നടത്താനാണുദ്ദേശിക്കുന്നതെന്ന് ജെയ്ക ടീം അഡീഷനല്‍ ലീഡര്‍ മിച്ചിക്കോ എബാത്തെ വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ ജയ്ക ടീമംഗങ്ങള്‍ എല്ലാ ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് വീടുകള്‍, മറ്റ് വകുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളിലുമെത്തും. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതിനാല്‍ സംഘാംഗങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്ന് അവര്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചു. മെയ് അവസാനത്തോടെ സാമൂഹിക സാമ്പത്തിക, സാമുദായിക സര്‍വേകള്‍ പൂര്‍ത്തിയാക്കുമെന്നും മിച്ചിക്കോ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ വീണ എന്‍ മാധവന്‍, എ ഡി എം കെ ഗണേശന്‍, ഡെ. കലക്ടര്‍ എം ഒ മൈക്കല്‍, ജയ്ക ടീം ലീഡര്‍ സെയ്ജി കൊയനാഗി, അഹാഡ്‌സ് ഡെ. ഡയറക്ടര്‍ പ്രജിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജയ്ക ടീം അംഗങ്ങള്‍ പങ്കെടുത്തു.