Connect with us

Ongoing News

മിക്ക അണക്കെട്ടുകളും ഭീഷണിയിലെന്ന് ഡാം സുരക്ഷാ അതോറിറ്റി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ഡാമുകളും സുരക്ഷാ ഭീഷണി നേരിടുന്നതാണെന്ന് ഡാം സേഫ്റ്റി അതോറിറ്റി. പുതിയതും പഴയതുമായ മിക്ക ഡാമുകള്‍ക്കും അറ്റകുറ്റപ്പണി അത്യാവശ്യമാണെന്നാണ് അതോറിറ്റിയുടെ കണ്ടത്തല്‍. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, തൃശൂരിലെ ചിമ്മിണി ഡാമുകളാണ് പ്രധാനമായും സുരക്ഷാഭീഷണി നേരിടുന്നത്. എന്നാല്‍ അതീവ ഗൗരവായ അവസ്ഥയില്ലെന്നും അതോറിറ്റി വിലയിരുത്തി. ഈ ഡാമുകളുടെ കാര്യത്തില്‍ ആശങ്ക ഏറെയുണ്ടെന്നും ഇതുള്‍പ്പെടെ കൂടുതല്‍ സുക്ഷാഭീഷണിയുള്ള ഡാമുകള്‍ മാസം തോറും പരിശോധിക്കുമെന്നും ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. യഥാസമയം അറ്റകുറ്റപണികള്‍ നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതും പണം ലഭിക്കാന്‍ താമസിക്കുന്നതുമാണ് പശ്‌നത്തിന് പ്രധാന കാരണം. വലിയ സംഭരണ ശേഷിയുളളതായതിനാല്‍ കുറ്റിയാടി ഡാമിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ ഡാമിന്റെ ഡിസൈനില്‍ തന്നെ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

വര്‍ഷക്കാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് ഡാമുകളുടെ സുരക്ഷക്കായി സര്‍ക്കാര്‍ നിയോഗിച്ച സമിതി ആശങ്ക പങ്കുവെച്ചിരിക്കുന്നത്. പഴയതും പുതിയതുമായ മിക്ക ഡാമുകളിലും ചോര്‍ച്ചയുണ്ട്. അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്തിയിട്ടില്ല. മഴക്കാലം വരുന്നതോടെ ഇത് വര്‍ധിക്കും. തൊടുപുഴയിലെ മലങ്കര ഡാമിന്റെ ചോര്‍ച്ച അനുവദനീയമായ പരിധിക്കും അപ്പുറത്താണ്. ഇവിടെ അടിയന്തരമായ അറ്റകുറ്റപ്പണി നടത്തുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണം. തൃശൂരിലെ ചിമ്മിനി ഡാം താരതമ്യേന പുതിയതെങ്കിലും അതിവേഗ അറ്റകുറ്റപ്പണി വേണം. തമിഴ്‌നാടിന് ജലം നല്‍കാനായി സ്ഥാപിച്ച പാലക്കാട് ജില്ലയിലെ ശിരുവാണി ഡാമും അത്ര സുരക്ഷിതമല്ല.
സംസ്ഥാനത്ത് സര്‍ക്കാറിന് കീഴില്‍ നേരിട്ടും കെ എസ് ഇബി, ജലവിഭവ വകുപ്പുകള്‍ക്ക് കീഴിലും ഡാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഇറിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള ഡാമുകളാണ് ഏറ്റവും കുറഞ്ഞ നിലവാരം പുലര്‍ത്തുന്നത്. മിക്ക ഡാമുകളിലും വന്‍തോതില്‍ കൈയേറ്റം നടന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ ഡാമിന്റെ തൊട്ടടുത്ത് പ്രത്യേകം തയ്യറാക്കിയ കളിസ്ഥലങ്ങള്‍ വരെ സംഘം കാണാനിടയായി. അതേസമയം ചില ഡാമുകളില്‍ ചോര്‍ച്ച മൂലം ഡാം തുറക്കാതെ തന്നെ പുഴകളില്‍ വെള്ളം ലഭിക്കുമെന്നതിനാല്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും ഇത് ഒരു സൗകര്യമായി കാണുന്നുണ്ട്. അതോടൊപ്പം പല ഡാമുകള്‍ക്കും സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ ആര്‍ക്കും എപ്പോഴും അതിക്രമിച്ച് കടക്കാവുന്ന നിലയിലാണ്. ഇത് തടയുന്നതിന് ഡാം സുരക്ഷക്കായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അതോറിറ്റി ശിപാര്‍ശ ചെയ്യും. ഇതിന് ഡാം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പ്രത്യേക സുരക്ഷാ സേനയെ ഉപയോഗിക്കാവുന്നതാണ്. ഡാമുകളുടെ അറ്റകുറ്റ പണികള്‍ വൈകുന്നതില്‍ സാങ്കേതി പ്രശ്‌നങ്ങളും പ്രധാന തടസ്സമാണ്. ഡാം അറ്റകുറ്റ പണിക്കായി പ്രധാനമായും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ നിലവിലെ കരാറുകാര്‍ക്ക് വശമില്ലാത്തതിനാല്‍ സ്ഥിരം സംവിധാനമെന്ന നിലയില്‍ ദേശീയ തലത്തില്‍ സാങ്കേതിക മികവുള്ളവരെ ഏല്‍പ്പിക്കണമെന്നും സംഘം ശിപാര്‍ശ ചെയ്യുന്നു. സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest