ബാര്‍ ലൈസന്‍സ്: ഇന്നത്തെ യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യില്ല

Posted on: April 29, 2014 12:23 am | Last updated: April 30, 2014 at 12:09 am

UDF

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിഷയം ഇന്ന് ചേരുന്ന യു ഡി എഫ് യോഗം ചര്‍ച്ചചെയ്യില്ലെന്ന് മന്ത്രി കെ ബാബു. കോണ്‍ഗ്രസിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സമവായമായിട്ടില്ല. കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത ശേഷമേ വിഷയം യു ഡി എഫ് ചര്‍ച്ച ചെയ്യുകയുള്ളൂ. ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നത്തില്‍ സമവായത്തിലെത്താനാവൂ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാവുന്നതാണ്. പക്ഷേ താനും സുധീരനും മാത്രം ചര്‍ച്ച നടത്തിയതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് യു ഡി എഫ് ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയിരുന്നത്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തിലാണ് സര്‍ക്കാറും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായത്. ലൈസന്‍സ് പുതുക്കി നല്‍കുന്ന വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നിലപാട് മയപ്പെടുത്തിയത് ശുഭസൂചനയായാണ് നേതാക്കള്‍ കണ്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി ചേരാത്തതാണ് പ്രശ്‌നം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നതിന് തടസ്സമായത്. കൂടതല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് സുധീരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

അതനിടെ ബാര്‍ ലൈസന്‍സ് തര്‍ക്കത്തില്‍ പരിഹാര ഫോര്‍മുലയുമായി ആഭ്യമന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ടു സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ എടുത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കാം, നിലവാരം പരിശോധിക്കാന്‍ കലക്ടര്‍മാരുടെ സമിതി എന്നിവയാണ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുലയിലെ നിര്‍ദേശങ്ങള്‍. 418 ബാറുകളും പൂട്ടിയിടുന്നത് അപ്രായോഗികമാണെന്നാണ് ചെന്നിത്തലയുടെ പക്ഷം. പുതിയ ഫോര്‍മുല നടപ്പായാല്‍ അടച്ചിട്ടവയില്‍ പകുതിയോളം ബാറുകള്‍ക്ക് ലൈസന്‍സ് ലഭിച്ചേക്കും. ബാറുകളുടെ അനുബന്ധ കൗണ്ടറുകള്‍ അടച്ചുപൂട്ടണമെന്നും ഇക്കാര്യം ഇന്നത്തെ യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.