Connect with us

Ongoing News

പട്യാല കയറാന്‍ റാണി വിയര്‍ക്കുന്നു

Published

|

Last Updated

Preneet Kaurപഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ. പട്യാലയിലെ മഹാറാണി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി. തുടര്‍ച്ചയായി മൂന്ന് തവണ പട്യാലയില്‍ നിന്ന് പാര്‍ലിമെന്റില്‍. വിശേഷണങ്ങള്‍ ഏറെയുള്ള പ്രണീത് കൗറിന് ഇത് പരീക്ഷണ കാലമാണ്. നാലാം തവണയും പഞ്ചാബിലെ പട്യാല മണ്ഡലത്തില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മഹാറാണിയുടെ പ്രധാന എതിരാളി ശിരോമണി അകാലിദളിലെ ദീപീന്ദര്‍ സിംഗ് ധില്ലനാണ്. ബി ജെ പിയും ശിരോമണി അകാലിദളും സഖ്യമായാണ് പഞ്ചാബില്‍ മത്സരിക്കുന്നത്. ഒരുകാലത്ത് പട്യാല മഹാറാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു ദീപീന്ദര്‍ സിംഗ് ധില്ലന്‍. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദീപിന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ദീപീന്ദറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. അന്ന് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു ദീപീന്ദര്‍. രാജകുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ദീപീന്ദര്‍ സിംഗിനെ മഹാറാണിക്കെതിരെ തന്നെ രംഗത്തിറക്കി പട്യാലയില്‍ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ശിരോമണി അകാലിദളും ബി ജെ പിയും.
മണ്ഡല രൂപവത്കരണത്തിനു ശേഷം ഏറെ സമയവും കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലങ്ങളിലൊന്നാണ് പട്യാല. ഭര്‍ത്താവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പട്യാലയിലെ രാജ മാതാവ് മൊഹീന്ദര്‍ കൗറും പട്യാലയെ പ്രതിനിധാനം ചെയ്ത് പാര്‍ലിമെന്റിലെത്തിയിട്ടുണ്ട്. 1967ലാണ് മൊഹീന്ദര്‍ കൗര്‍ പട്യാലയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. 1980ലാണ് അമരീന്ദര്‍ സിംഗ് പട്യാലയില്‍ നിന്ന് ജയിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇത്തവണയും മത്സരരംഗത്തുണ്ട്. പഞ്ചാബിലെ അമൃത്‌സറില്‍ ബി ജെ പിയിലെ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയാണ് അമരീന്ദര്‍ മത്സരിക്കുന്നത്. 1957 മുതല്‍ നടന്ന പതിനാല് പൊതു തിരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണയും പട്യാലയില്‍ വിജയിച്ചത് കോണ്‍ഗ്രസാണ്. നാല് തവണ അകാലിദള്‍ സ്ഥാനാര്‍ഥികളും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്.
നാബ, പട്യാല റൂറല്‍, രാജ്പുര, ദേരാ ബാസി, ഗനൗര്‍, സനൗര്‍, പട്യാല, സാമന, ശുത്രാന എന്നീ ഒമ്പത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പട്യാല ലോക്‌സഭാ മണ്ഡലം. കോണ്‍ഗ്രസിനുള്ളില്‍ അരങ്ങേറിയ വിമത പ്രവര്‍ത്തനങ്ങളെ തൂടര്‍ന്ന് കഴിഞ്ഞ തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലും അകാലിദള്‍ സ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിനൊപ്പമാണ്.
അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായിരുന്ന അഞ്ച് വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളും എം പിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് പ്രണീത് കൗര്‍ വോട്ട് പിടിക്കുന്നത്. മുന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയുടെ നിക്ഷേപം ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് വന്ന അകാലിദള്‍- ബി ജെ പി സര്‍ക്കാര്‍ അത് അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രണീത് കൗര്‍ ആരോപിക്കുന്നു. അകാലിദള്‍ സര്‍ക്കാറിന്റെ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമായതായും യുവാക്കളില്‍ കൂടുതല്‍ പേര്‍ മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുന്നതായും പ്രചാരണ വേദികളില്‍ പ്രണീത് കൗര്‍ ഉയര്‍ത്തുന്നുണ്ട്.
ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഡോക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. ധരംവീര്‍ ഗാന്ധി എ എ പി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത് മത്സരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അമൃത്‌സറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് ജയിലില്‍ കഴിഞ്ഞയാളാണ് ധരംവീര്‍ ഗാന്ധി. എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പട്യാലയില്‍ റോഡ് ഷോക്ക് വരാതിരുന്നതില്‍ ധരംവീര്‍ അസന്തുഷ്ടനാണ്.
രാജ്പുര, ദേരാ ബാസി, ഗനൗര്‍വ നിയമ സഭാ മണ്ഡലങ്ങളില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദീപീന്ദര്‍ സിംഗ് ധില്ലന്‍ ശക്തമായ സാന്നിധ്യമാണ്. 2012 വരെ “മഹാറാണി സാഹിബി”നു വേണ്ടി ഈ പ്രദേശങ്ങളില്‍ രംഗത്തുണ്ടായിരുന്നയാളാണ് ദീപീന്ദര്‍ സിംഗ്. മൂന്ന് തവണ എം പിയും മന്ത്രിയുമായിട്ടും ഭര്‍ത്താവ് അമരീന്ദര്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും പട്യാലയില്‍ വികസനമൊന്നും കൊണ്ടുവന്നില്ല എന്നാണ് അകാലിദളും എ എ പിയും പ്രണീതിനെതിരെ പ്രധാനമായി ഉന്നയിക്കുന്ന ആരോപണം.
മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ബല്‍വന്ത് സിംഗ് റജൗണയുടെ സഹോദരി കമല്‍ദീപ് കൗറും ഇത്തവണ മത്സരരംഗത്തുണ്ട്. 15.7 ലക്ഷം വോട്ടര്‍മാരുള്ള പട്യാല മണ്ഡലത്തില്‍ ഇരുപത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഈ മാസം മുപ്പതിനാണ് പട്യാലയില്‍ തിരഞ്ഞെടുപ്പ്.

Latest