‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്തില്ലെങ്കില്‍ മറ്റൊരു സിനിമയും റിലീസിന് ചെയ്യില്ല

Posted on: April 29, 2014 12:09 am | Last updated: April 29, 2014 at 12:09 am

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്തില്ലെങ്കില്‍ മറ്റൊരു സിനിമയും റിലീസിന് നല്‍കേണ്ടതില്ലെന്ന് ഫെഫ്ക തീരുമാനിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്കിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സിനിമാ വിലക്കിന് യാതൊരു നീതീകരണവുമില്ലെന്ന് യോഗത്തിന് ശേഷം ഫെഫ്ക പ്രസിഡന്റ് സംവിധായകന്‍ സിബി മലയില്‍ പത്രക്കാരോട് പറഞ്ഞു. മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യാത്ത പക്ഷം സിനിമ മേഖല പൂര്‍ണമായും സ്തംഭിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങാനും സംഘടന ലക്ഷ്യമിടുന്നു.
ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകളുടെ ഭാരവാഹികള്‍ വിട്ടുനിന്നത് ബി ഉണ്ണികൃഷ്ണന്റെ പ്രേരണ മൂലമാണെന്ന് ആരോപിച്ചാണ് ‘മിസ്റ്റര്‍ ഫ്രോഡ്’ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്.