Connect with us

Kannur

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്: എം എല്‍ എമാര്‍ ഹാജരായില്ല

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ ഇടതുമുന്നണിയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസിന് എം എല്‍ എമാര്‍ മറുപടി നല്‍കി. എം എല്‍ എമാരായ സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവരാണ് അന്വേഷണച്ചുമതലയുള്ള തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന് മറുപടി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ഹാജരാകണമെന്നായിരുന്നു നോട്ടീസ്. “2013 ഒക്ടോബര്‍ 27ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ ഡി എഫ് കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചിരുന്നു. റോഡില്‍ നിന്ന് കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തത്. പോലീസ് ആരോപിക്കുന്നതു പോലെ സി ആര്‍ പി സി 41 എ വകുപ്പ് പ്രകാരം മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തുകയോ സംഘം ചേരുകയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ പരുക്കേല്‍പ്പിക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഈ രീതിയില്‍ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല.

വളരെയധികം രാഷ്ട്രീയ പ്രാധാന്യം ലഭിച്ച സംഭവം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മുന്നണിയും രാഷ്ടീയ നേട്ടങ്ങള്‍ക്കായാണ് ഉപയോഗിച്ചത്. കേസില്‍ ആരോപിക്കുന്നതു പോലെ ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന് ആറ് മാസമായിട്ടും നോട്ടീസ് നല്‍കിയോ അല്ലാതെയോ ചോദ്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കാതിരുന്നത് നിരപരാധിത്വത്തിന് തെളിവാണ്. കേസ് നടപടികളുടെ അന്തിമ ഘട്ടത്തില്‍ ഇത്തരം നോട്ടീസ് അയച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സമ്മര്‍ദത്തിന്റെ ഭാഗമായാകാം നടപടി. തങ്ങളുള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയെ അവഹേളിക്കാന്‍ സംസ്ഥാന ഭരണ നേതൃത്വത്തിന്റെ തീരുമാനപ്രകാരവുമാകാം ഇത്. ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നതും അത്തരം ശ്രമത്തിന്റെ ഭാഗമാണ്”. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ തിങ്കളാഴ്ച ഹാജരാകാന്‍ കഴിയില്ല. ഈ വിശദീകരണം പരിശോധിച്ച ശേഷവും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകേണ്ടത് ആവശ്യമാണെങ്കില്‍ വിട്ടുനില്‍ക്കില്ലെന്നും നോട്ടീസിനുള്ള മറുപടിയില്‍ പറയുന്നു.
വധശ്രമം, അന്യായമായ സംഘം ചേരല്‍ (143, 144, 148, 343, 120 (ബി)) തുടങ്ങിയ വകുപ്പുകളാണ് എം എല്‍ എ മാരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. 2013 ഒക്ടോബര്‍ 27ന് വൈകീട്ട് കണ്ണൂര്‍ പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തവെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നേരെ കല്ലേറുണ്ടായത്.