മുറിയനാവിയിലും കല്ലൂരാവിയിലും മണല്‍ കൊള്ള വ്യാപകമാകുന്നു

Posted on: April 29, 2014 12:50 am | Last updated: April 28, 2014 at 11:50 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മുറിയനാവി, കല്ലൂരാവി പ്രദേശങ്ങളില്‍ വന്‍ മണല്‍കൊള്ള. അനധികൃത മണലെടുപ്പ് കാരണം റോഡരികില്‍ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. ഈ കുഴികള്‍ മൂടാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
മണലെടുത്തത് മൂലമുണ്ടായ കുഴിയില്‍ വീണ് ഈയിടെ ഒരു കുട്ടി മരണപ്പെട്ടിരുന്നു. രാപ്പകല്‍ ഭേദമന്യേ ഇവിടെ നിന്നും വന്‍ തോതില്‍ മണലെടുത്തു കൊണ്ടുപോകുമ്പോഴും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. മണല്‍കടത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
മുറിയനാവിയില്‍ നിന്നും കല്ലൂരാവിയില്‍ നിന്നും മണലെടുത്ത് ദൂരപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ലോഡ് കണക്കിനു മണല്‍ കടത്തിക്കൊണ്ട് പോകുമ്പോഴും ഇതു തടയാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടാവുന്നില്ല. ഹൊസ്ദുര്‍ഗ് താലൂക്കിലെ മറ്റു തീരദേശങ്ങളില്‍ നിന്നും യാതൊരു നിയന്ത്രണവുമില്ലാതെയാണ് മണല്‍ ഖനനം നടത്തുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാകുകയാണ്. പുഴകളില്‍ നിന്നും കടല്‍തീരങ്ങളില്‍ നിന്നും വന്‍തോതില്‍ മണലെടുത്ത് ലോറികളിലും മറ്റു വാഹനങ്ങളിലും കടത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. വ്യാപകമായ മണല്‍ കടത്ത് തടയാന്‍ ജില്ലാ പോലീസ് അധികൃതര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണല്‍കടത്ത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തികള്‍ കൂടുതലും അരങ്ങേറുന്നത് രാത്രികാലങ്ങളിലായതിനാല്‍ രാത്രികാല വാഹന പരിശോധന പോലീസ് കര്‍ശനമാക്കിയിരിക്കുകയാണ്. ജില്ലയിലെ തീരദേശങ്ങളില്‍നിന്നും മണല്‍ കയറ്റി വാഹനങ്ങളില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്.