Connect with us

Kerala

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത പോലീസുകാരന്റെ ഫോട്ടോ എടുത്ത യുവാവിന് മര്‍ദ്ദനം

Published

|

Last Updated

മലപ്പുറം: ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ച പൊലീസുകാരന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യുവാവിനെ മലപ്പുറം ചങ്ങരംകുളം പൊലീസ് മര്‍ദിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ പെരുമുക്ക് സ്വദേശി ഷാനവാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്‌റ്റേഷനില്‍ എത്തി പൊലീസുകാരില്‍ നിന്ന് വിവരം ശേഖരിച്ചു.

ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ചങ്ങരംകുളത്തിന് സമീപം ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച പൊലീസുകാരന്റെ ചിത്രം ഷാനവാസ് മൊബൈലില്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പെട്ട് പൊലീസുകാരന്‍ മൊബൈല്‍ വാങ്ങിയ ശേഷം സ്‌റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. സ്‌റ്റേഷനില്‍ എത്തിയ തന്നെ മൂന്നുപൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഷാനവാസിന്റെ പരാതി.

ഷാനവാസിന്റെ കൈക്ക് പൊട്ടലുണ്ട്. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുമുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തൃശൂര്‍ കോഴിക്കോട് ദേശീയപാതിയിലെ ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മൂന്നു ദിവസം മുന്‍പ് മോഷണകുറ്റത്തിന് ക്‌സറ്റഡിയിലെടുത്ത യുവതി ഈ സ്‌റ്റേഷനിലാണ് തൂങ്ങിമരിച്ചത്.

 

Latest