Connect with us

Malappuram

ചോക്കാട് ചേനപ്പാടിയിലെ ആദിവാസികള്‍ക്ക് നാല്‍പത് സെന്റില്‍ ഭൂമി നല്‍കുന്നതിന് ഹൈക്കോടതി സ്റ്റേ

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടി കോളനിയിലെ ഭൂരഹിതരായ പത്ത് ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നാല്‍പത് സെന്റില്‍ ഭൂമി നല്‍കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
നാല്‍പത് സെന്റില്‍ ഓരോ കുടുംബത്തിനും അരയേക്കര്‍ ഭൂമി വീതം പതിച്ച് നല്‍കുന്ന നടപടിയാണ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്. നാല്‍പത് സെന്റിലെ നിലവിലെ താമസക്കാര്‍ക്ക് മുഴുവന്‍ ഭൂമി നല്‍കാത്തതിനാലും കൈവശം വെച്ചിരിക്കുന്ന ഭൂമി സ്ഥല ഉടമകളുടെ അനന്തരക്കാര്‍ക്ക് കൈമാറാനുള്ള നിയമപരമായ തടസ്സം നീക്കാത്തതിലും പ്രതിഷേധിച്ചാണ് നാല്‍പത് സെന്റുകാര്‍ ഭൂമി വിതരണത്തിനെതിരെ കോടതിയെ സമീപിച്ചത്.
കോടതി സ്റ്റേ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതായി നിലമ്പൂര്‍ പട്ടികവര്‍ഗ സെക്രട്ടറി ഗിരീഷന്‍ അറിയിച്ചു. ഭൂമി വിതരണം കോടതി തടഞ്ഞതോടെ ചേനപ്പാടിയിലെ കോളനിക്കാര്‍ ഒരു വര്‍ഷമായി കാത്തിരിക്കുന്ന പുനരധിവാസം അനിശ്ചിതത്ത്വത്തിലായി. 2013 ജൂലൈയിലാണ് ചേനപ്പാടിയിലെ നിരാലംബരായ കാട്ടുനായക്ക വിഭാഗത്തിലെ പത്ത് ആദിവാസി കുടംബങ്ങളെ നാല്‍പത് സെന്റിലേക്ക് പുനരധിവസിപ്പിക്കാന്‍ തിരുമാനിച്ചത്. ചേനപ്പാടിയിലെ ഇവരുടെ വീട് ഐ ടി ഡി പി അധികൃതര്‍ പുതിയ വീട് വെക്കാന്‍ പൊളിച്ച് കളഞ്ഞതോടെയാണ് കുടുംബങ്ങള്‍ പെരുവഴിലായത്.
നാല്‍പത് സെന്റില്‍ ഭൂമി നല്‍കി അവിടെ പാര്‍പ്പിക്കാനായിരുന്നു പിന്നീട് തീരുമാനം. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. ഭൂമി വിതരണം പൂര്‍ത്തിയാവുന്നത് വരെ പത്ത് കുടുംബങ്ങളേയും അവിടുത്തെ ജി എല്‍ പി സ്‌കൂളില്‍ താമസിപ്പിക്കാന്‍ തിരുമാനിച്ചു. എന്നാല്‍ അവിടേക്ക് പിന്നീട് അധികൃതര്‍ തിരിഞ്ഞ് നോക്കാത്തിനാല്‍ ചേനപ്പാടിക്കാര്‍ തിരിച്ച് പോയി.
ചേനപ്പാടിക്കാരെ അവഗണിച്ച പട്ടികവര്‍ഗ വകുപ്പിന്റേയും റവന്യൂ അധികൃതരുടേയും നടപടി കടുത്ത പ്രതിഷേധം വിളിച്ച് വരുത്തി.
ഒടുവില്‍ ഒട്ടേറെ നിയമക്കുരുക്കുകള്‍ക്കിടയില്‍ നാല്‍പത് സെന്റില്‍ ചേനപ്പാടിക്കാര്‍ക്ക് ഭൂമി വിതരണത്തിന് നടപടിയായി. ജില്ലാ കലക്ടര്‍ കെ ബിജു കോളനി സന്ദര്‍ശിച്ച് ഭൂമി വിതരണത്തിന് നിര്‍ദേശിച്ചു. നിലമ്പൂര്‍ താലൂക്ക് അധികൃതര്‍ ഭൂമി അളന്ന് തിരിക്കുന്ന പ്രവൃത്തി തുടങ്ങി.
എന്നാല്‍ അളന്ന് തിരിക്കല്‍ പ്രവൃത്തിക്കിടെ നാല്‍പത് സെന്റിലെ നിലവിലെ താമസക്കാര്‍ക്ക് അര്‍ഹമായ ഭൂമി വിതരണം നടത്താതെ പുറത്ത് നിന്ന് വന്നവര്‍ക്ക് ഭൂമി നല്‍കുന്നതിനെതിരെ പ്രതിഷേധവുമായി നാല്‍പത് സെന്റുകാര്‍ രംഗത്തെത്തിയിരുന്നു.
ഇതോടെ ഭൂമി വിതരണ നടപടി നിലച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചേനപ്പാടിക്കാര്‍ക്ക് ഭൂമി കൈമാറുന്നതിന് റവന്യൂ അധികൃതര്‍ ഒരുങ്ങുന്നിടെയാണ് ഹൈക്കോടിയുടെ സ്റ്റേ ഉത്തരവ്.

Latest