എസ് എസ് എഫ് സ്ഥാപകദിനം നാളെ

Posted on: April 28, 2014 11:06 am | Last updated: April 28, 2014 at 11:39 pm

കോഴിക്കോട്: ധാര്‍മിക വിപ്ലവത്തിന്റെ ബദലുകള്‍ തീര്‍ത്ത് കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായ എസ് എസ് എഫിന് നാളെ 41 പൂര്‍ത്തിയാകുന്നു. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ആശീര്‍വാദത്തോടെ 1973 ഏപ്രില്‍ 29നാണ് എസ് എസ് എഫ് രൂപവത്കൃതമായത്. ‘ധാര്‍മിക വിപ്ലവം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എസ് എസ് എഫ് പ്രവര്‍ത്തിച്ചുവരുന്നത്. ആധുനിക സമൂഹത്തില്‍ അതിവേഗം ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകള്‍ക്കും മൂല്യശോഷണങ്ങള്‍ക്കുമെതിരെ നിരന്തരമായ ബോധവത്കരണത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ടുള്ള ചെറുത്തുനില്‍പ്പുകള്‍ക്കാണ് സംഘടന നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ തീര്‍ത്ത് സംഘടിതമായ അക്രമോത്സുകതകളാല്‍ കലാപ കലുഷമാവുന്ന ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ ബാധ്യതകളെ ബോധ്യപ്പെടുത്തി സര്‍ഗാത്മകമായ ക്യാമ്പസുകളുടെ സൃഷ്ടിക്കായുള്ള യജ്ഞമാണ് എസ് എസ് എഫ് വഹിച്ചുവരുന്നത്.
41ാം വാര്‍ഷികമാഘോഷിക്കുന്ന എസ് എസ് എഫിന് സംസ്ഥാനത്തെ 6,300 യൂനിറ്റുകളിലായി മൂന്ന് ലക്ഷം പ്രവര്‍ത്തകരുണ്ട്. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല, സ്റ്റേറ്റ് ഘടകങ്ങളുടെ മേല്‍നോട്ടത്തില്‍ ആദര്‍ശം, ആത്മീയത, വിദ്യാഭ്യാസം, ക്യാമ്പസ്, പരിശീലനം, പരിസ്ഥിതി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചുവരുന്നു. പ്രവാസി ഘടമായി ആര്‍ എസ് സിയും ബാലഘടകമായി എസ് ബി എസും പ്രവര്‍ത്തിച്ചു വരുന്നു.
പ്രസാധക വിഭാഗമായ ഐ പി ബിയുടെ നേതൃത്വത്തില്‍ രിസാല വാരിക പ്രസിദ്ധീകരിച്ചുവരുന്നു. രാജ്യത്തിന്റെ ഭരണഘടനയെയും നിയമ വ്യവസ്ഥകളെയും അംഗീകരിച്ചുകൊണ്ട് സമാധാനപരമായ മാര്‍ഗത്തിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ് എസ് എഫ് നേതൃത്വം വഹിക്കുന്നത്.
മതത്തിന്റെ ആശയങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും മതാശയങ്ങളില്‍ കൈയേറ്റങ്ങള്‍ നടത്തി ഇസ്‌ലാമിക ദര്‍ശനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മതതിരുത്തല്‍ വാദശക്തികള്‍ക്കെതിരെ എസ് എസ് എഫ് ശക്തമായ മുന്നേറ്റം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സമയങ്ങളില്‍ എസ് എസ് എഫ് ഉയര്‍ത്തിയ പ്രമേയങ്ങളും മുദ്രാവാക്യങ്ങളും ശ്രദ്ധേയമായിരുന്നു. നാളെ സംസ്ഥാന വ്യാപകമായി യൂനിറ്റുകളും ഓഫീസുകളും കേന്ദ്രീകരിച്ച് പതാക ഉയര്‍ത്തല്‍, വിവിധ സേവന പ്രവര്‍ത്തനങ്ങള്‍, മധുര വിതരണം, പൊതുയോഗം, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കും. ക്യാമ്പസ് യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍ എന്നിവ നടക്കും.