സിറിയയില്‍ ഇപ്പോഴും എട്ട് ശതമാനം രാസായുധങ്ങളെന്ന് റിപ്പോര്‍ട്ട്

Posted on: April 28, 2014 11:01 am | Last updated: April 28, 2014 at 11:01 am

ദമാസ്‌കസ്: രാസായുധങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള അവസാനം സമയം ഇന്നലെ അവസാനിച്ചിട്ടും സിറിയയില്‍ ഇപ്പോഴും എട്ട് ശതമാനം രാസായുധങ്ങള്‍ നശിപ്പിക്കാതെ അവശേഷിക്കുന്നതായി യു എന്നിന് കീഴിലുള്ള ആണവായുധ നിരോധങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഒ പി സി ഡബ്ല്യൂ. രാജ്യത്തിന്റെ പ്രത്യേക ഭാഗത്ത് ഇപ്പോഴും 7.8 ശതമാനം രാസായുധം നശിപ്പിക്കാതെ ബാക്കി കിടക്കുകയാണെന്ന് ഒ പി സി ഡബ്ല്യൂ മേധാവി സിഗ്‌രിദ് കാഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യു എസും റഷ്യയും ധാരണയിലെത്തിയ കരാറനുസരിച്ച്, സിറിയ തങ്ങളുടെ രാസായുധത്തിന്റെ മുഴുവന്‍ ശേഖരണവും കൈമാറാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സിറിയ നടത്തിയ രാസായുധ ആക്രമണങ്ങളില്‍ 1,400ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭവം വിവാദമയാതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലുള്ള സംഘടനകള്‍ സിറിയക്കെതിരെ ശക്തമായ വിമര്‍ശങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പക്ഷേ, തങ്ങള്‍ രാസായുധ ആക്രമണം നടത്തിയിട്ടില്ലെന്ന് അന്ന് സിറിയ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. യുദ്ധം താറുമാറാക്കിയ സിറിയയില്‍ നിന്ന് എല്ലാ രാസായുധങ്ങളും ഇന്നലെയോടെ നീക്കം ചെയ്യുമെന്നാണ് സിറിയ ഉറപ്പ് നല്‍കിയിരുന്നത്. മറ്റു അപകടകാരികളായ ആയുധങ്ങള്‍ അടുത്ത ജൂണ്‍ മുപ്പതോടെയും നശിപ്പിക്കുമെന്നാണ് ഇവര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. പക്ഷേ പലപ്പോഴും സിറിയ അന്താരാഷ്ട്ര സമൂഹത്തിന് നല്‍കുന്ന വാഗ്ദാനങ്ങള്‍ തെറ്റിക്കുകയും ചെയ്തിരുന്നു.
സിറിയയില്‍ തുടക്കം കുറിച്ച ആഭ്യന്തര കലാപത്തില്‍ ഇതുവരെ ഒന്നര ലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
തങ്ങളുടെ പക്കലുള്ള രാസായുധങ്ങളില്‍ 700 ടണ്ണോളം വളരെ അപകടകാരിയാണെന്നും 500 ടണ്‍ രാസായുധങ്ങള്‍ അപകടം കുറഞ്ഞതാണെന്നും സിറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത രാസായുധ നിര്‍മാണ പ്രദേശങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് സിറിയ ആവശ്യപ്പെടുന്നത്. അതേസമയം, ഭാവിയില്‍ ഇത്തരം സ്ഥലങ്ങള്‍ രാസായുധ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ സാധ്യത ഉള്ളതുകൊണ്ട് ഇവിടങ്ങളിലെ രാസായുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കണമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം.
തങ്ങളല്ല രാസായുധം പ്രയോഗിക്കുന്നതെന്നും മറിച്ച് വിമത ഗ്രൂപ്പുകളാണ് സാധാരണ ജനങ്ങള്‍ക്ക് നേരെ ഇത് പ്രയോഗിക്കുന്നതെന്നുമാണ് സിറിയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാദഗതി. അതേസമയം, സര്‍ക്കാറിന്റെ അറിവോടെ സൈന്യം സാധാരണ ജനങ്ങള്‍ക്ക് നേരെ അപകടകാരികളായ രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് വിമതരും കുറ്റപ്പെടുത്തുന്നു.