വാരണാസിയിലെ മുസ്ലിം വോട്ടില്‍ കണ്ണുംനട്ട് പാര്‍ട്ടികള്‍

  Posted on: April 28, 2014 10:45 am | Last updated: April 28, 2014 at 10:45 am

  modi and kejriwalവരാണസി: ബി ജെ പിയുടെ അഭിമാന പേരാട്ടമായ വരാണസിയില്‍ മുസ്‌ലിം വോട്ടര്‍മാരുടെ മനസ്സ് അനുകൂലമാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തീവ്ര ശ്രമത്തില്‍. മൂന്ന് ലക്ഷം മുസ്‌ലിം വോട്ടര്‍മാരാണ് വരാണസിയിലുള്ളത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മോദിയും കൂട്ടരും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മോദിക്ക് ഈ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ ലഭ്യമാക്കി മുസ്‌ലിംകള്‍ക്ക് മോദിയോട് പിണക്കമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. എന്നാല്‍ മുസ്‌ലിം വോട്ടുകള്‍ പരമാവധി പെറുക്കിയെടുത്ത് മോദിയുടെ വര്‍ഗീയ വാദത്തോട് ന്യൂനപക്ഷങ്ങളുടെ സമീപനം മാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നുണ്ട്.

  ഗുജറാത്ത് കലാപവും ബി ജെ പിയുടെ പ്രകടനപത്രികയും കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കുന്നുണ്ട്. രാമക്ഷേത്ര നിര്‍മാണം, ഏക സിവില്‍ കോഡ് എന്നിവയെല്ലാം മുസ്‌ലിംകള്‍ക്ക് ഭീഷണിയാണെന്നും കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നുമാണ് അവരുടെ പ്രചാരണം. മോദിയെ പ്രധാനമന്ത്രിയാക്കിയാല്‍ മുസ്‌ലിംകള്‍ക്ക് പേടി തീരുമെന്ന അമിത്ഷായുടെ പ്രസ്താവനയും മുസ്‌ലം വോട്ടുകളിലാണ് കണ്ണ് വെക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നാണ് കഴിഞ്ഞ ദിവസം മുസ്‌ലിം കേന്ദ്രങ്ങളിലെ റോഡ് ഷോക്കിടെ മോദി പറഞ്ഞത്.
  പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മുസ്‌ലിം സംവരണമാണ് ഇവിടെ പ്രചാരണ വിഷയമാക്കിയത്. ശിയാക്കളുടെ ചില നേതാക്കള്‍ ഇതിനകം ബി ജെ പിയെ വിശ്വാസത്തിലെടുക്കണമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസമുണ്ടെന്നും ആരെ തിരഞ്ഞെടുക്കണമെന്ന വിവേകമുണ്ടെന്നുമാണ് ബനാറസിലെ മുഫ്തി അബ്ദുല്‍ ബാതിന്‍ നൊമാനി പറഞ്ഞത്. മുസ്‌ലിം സംവരണം കാര്യമായി എടുക്കേണ്ട വിഷയമാണെന്നും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഉചിതമായ സമയത്ത് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് ശിയാ നേതാവ് ഹാജി അന്‍വര്‍ ഖാന്റെ പ്രതികരണം.
  എന്നാല്‍ മുസ്‌ലിം സംഘടനകളൊന്നും ഇവിടെ മോദിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ അജയ് റായിയെയോ, എ എ പിയുടെ അരവിന്ദ് കെജ്‌രിവാളിനെയോ പിന്തുണക്കനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. ശിയാ നേതാക്കളുമായി ബി ജെ പി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷ മുസ്‌ലിം വിഭാഗത്തിന്റെ നിലപാടാണ് വരാണസിയില്‍ നിര്‍ണായകമാകുക. സമാജ്‌വാദി പാര്‍ട്ടിയുടെ ഖാലിയാഷ് ചൗരസ്യക്ക് വേണ്ടി മുസ്‌ലിം പ്രദേശങ്ങളില്‍ മുലായം സിംഗ് നടത്തിയത് ശക്തമായ പ്രചാരണമാണ്. അസാമാര്‍ഗില്‍ നിന്ന് മുലായം മത്സരിക്കാന്‍ തീരുമാനിച്ചതും ഉത്തര്‍പ്രദേശിലെ മോദി തരംഗത്തിന് തടയിടാനാണ്.
  കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മോദിയുടെ തരംഗമില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍. വരാണസി മേഖലയിലെ 10 ജില്ലകളിലെ 72 സീറ്റുകളില്‍ 30 ഉം നേടി 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി കരുത്ത് കാട്ടിയിരുന്നു. ഈ ആത്മവിശ്വാസമാണ് പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പിലും നയിക്കുന്നത്. മുസ്‌ലിം വോട്ടുകളെല്ലാം അന്ന് എസ് പിക്കാണ് ലഭിച്ചതെന്നാണ് പാര്‍ട്ടിയുടെ കണക്ക്. ഇത് ആവര്‍ത്തിക്കുമെന്ന് അവര്‍ ആശങ്കയേതുമില്ലാതെ പറയുന്നു. എന്നാല്‍ 2009 ആവര്‍ത്തിക്കില്ലെന്നാണ് ബി എസ് പിയും പറയുന്നത്. മുസ്‌ലിം വോട്ടുകള്‍ ബി ജെ പിക്ക് ലഭിക്കില്ലെന്നും ബി എസ് പി പറയുന്നു. 30 ശതമാനം മുസ്‌ലിം വോട്ടുകള്‍ 2009 ല്‍ മുരളീമനോഹര്‍ ജോഷിക്ക് ലഭിച്ചുവെന്നാണ് ബി ജെ പിയുടെ കണക്ക്. നെയ്ത്തുകാരായ മുസ്‌ലിംകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് വാഗ്ദാനം നല്‍കിയത്. ഇതിനായി ഗുജറാത്തിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.