ഫലസ്തീന്‍ ഐക്യം

Posted on: April 28, 2014 10:35 am | Last updated: April 28, 2014 at 10:35 am

ഫലസ്തീനില്‍ ഹമാസും ഫതഹും ഒരിക്കല്‍ കൂടി അനുരഞ്ജന കരാറില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാനും ഫലസ്തീന്‍ രാഷ്ട്രത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈറോയിലും ദോഹയിലും നടന്ന ചര്‍ച്ചകളില്‍ തന്നെ തീരുമാനമായതാണ്. പക്ഷേ, പല തര്‍ക്കങ്ങളില്‍ തട്ടി ആ ചര്‍ച്ചക്ക് തുടര്‍ച്ചയില്ലാതെ പോയി. ഇത്തവണ ഗാസാ സിറ്റിയില്‍ ഒപ്പ് വെച്ച കരാര്‍ പ്രായോഗികവും ഫലപ്രാപ്തിയുള്ളതുമാണെന്ന് ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഏഴ് വര്‍ഷം മുമ്പാണ് സായുധ ഗ്രൂപ്പായ ഹമാസും ഫലസ്തീന്‍ അതോറിറ്റി നയിക്കുന്ന മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫതഹും ശത്രുതാപരമായ സമീപനങ്ങളിലേക്ക് കൂപ്പ് കുത്തിയത്. അന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഗാസാ മേഖലയില്‍ ഹമാസ് ആധികാരികമായ ഭൂരിപക്ഷം നേടി. സായുധ സംഘമെന്ന നിലയില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഖാലിദ് മിശ്ആലിന്റെ നേതൃത്വത്തില്‍ ഈ ധാരണ പൊളിക്കാനാണ് ഹമാസ് നിശ്ചയിച്ചത്. ജനം അവരെ ബാലറ്റിലും അംഗീകരിച്ചു. അതോടെ ഫതഹ് വെസ്റ്റ് ബാങ്കിലേക്ക് ചുരുങ്ങി. ഹമാസിന്റെ വിജയം അംഗീകരിക്കാന്‍ അവരോ അന്താരാഷ്ട്ര ശക്തികളോ തയ്യാറായില്ല. ഗാസക്ക് മേല്‍ ക്രൂരമായ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഫതഹും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിത്യ സംഭവമായി മാറി. അമേരിക്കയുടെ പിന്തുണ മുഴുവന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് ലഭിച്ചു. ഹമാസിനാകട്ടെ, ഇസ്‌ലാമിസ്റ്റ് ഗണത്തില്‍ വരുന്ന ഖത്തര്‍, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നുള്ള പരിമിതമായ സഹായങ്ങളേ ലഭിച്ചുള്ളൂ. അത് തന്നെ ഉപരോധത്തില്‍ മുങ്ങിപ്പോയി.
ഒരുമിച്ചു പോകേണ്ടതിന്റെ ആവശ്യകത ഇരുപക്ഷത്തിനും ബോധ്യമായി തുടങ്ങിയിരുന്നു. ഇസ്‌റാഈല്‍ ഗാസക്ക് മേല്‍ നടത്തിയ ആക്രമണ പരമ്പരകള്‍ ഈ ചിന്തക്ക് ആക്കം കൂട്ടി. മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ മധ്യസ്ഥതയില്‍ ഇസ്‌റാഈലുമായി നടന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി കാണാതിരുന്നത് പി എയെയും ഇരുത്തിച്ചിന്തിപ്പിച്ചു. ഓസ്‌ലോ കരാറിനേക്കാള്‍ മാരകമായ കരാറായിരിക്കും ഇസ്‌റാഈലുമായി ഉണ്ടാകാന്‍ പോകുന്നതെന്ന് അബ്ബാസിന് മനസ്സിലായിക്കഴിഞ്ഞിരുന്നു. ഈ ചിന്തകളാണ് ഗാസാ സിറ്റി ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച നേതാക്കള്‍ അടുത്ത അഞ്ച് ആഴ്ചക്കുള്ളില്‍ സംയുക്ത സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും പ്രഖ്യാപിച്ചു. ഹമാസ് നേതാവും ഗാസാ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയും ഫതഹ് പാര്‍ലിമെന്ററി മേധാവി അസ്സാം അല്‍ അഹ്മദുമാണ് പത്രസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്.
ചരിത്രപരമായ ഈ മുന്നേറ്റത്തില്‍ അമേരിക്കയും ഇസ്‌റാഈലും നിരാശ രേഖപ്പെടുത്തിയിരിക്കുകയാണ്. ഫലസ്തീനികള്‍ കാലാകാലവും തമ്മില്‍ തല്ലിക്കഴിഞ്ഞു കൊള്ളുമെന്ന ദുഷ്ടലാക്കാണ് പാഴാകുന്നത്. അതില്‍ അവര്‍ക്ക് നീരസം ഉറപ്പാണല്ലോ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമായി നിര്‍ത്തിവെക്കാനാണ് ജൂതരാഷ്ട്രത്തിന്റെയും അമേരിക്കയുടെയും തീരുമാനം. താങ്കള്‍ക്ക് ഹമാസിനോടാണോ ഇസ്‌റാഈലിനോടാണോ സമാധാന കരാര്‍ ഉണ്ടാക്കേണ്ടതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചോദ്യം. എന്നുവെച്ചാല്‍ ആഭ്യന്തരമായി ശിഥിലീകരിച്ച ഫലസ്തീനുമായേ തങ്ങള്‍ ചര്‍ച്ചക്കുള്ളൂവെന്നര്‍ഥം. ഇസ്‌റാഈല്‍ ഈ ധാര്‍ഷ്ട്യം പുറത്തെടുക്കുന്നത് മനസ്സിലാക്കാം. രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിനായി ആയുധമെടുക്കുന്ന അമേരിക്ക ഇസ്‌റാഈലിനേക്കാള്‍ വലിയ മാടമ്പിത്തരം പുറത്തെടുക്കുമ്പോള്‍ എന്താണ് മറ്റു രാഷ്ട്രങ്ങള്‍ മനസ്സിലാക്കേണ്ടത്? ആരെയും അടുപ്പിക്കാതെ ഫലസ്തീന്‍ പ്രശ്‌നം പരിഹരിച്ചു കളയാമെന്ന് നിശ്ചയിച്ച് ഇറങ്ങിയ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ലക്ഷ്യം ഇസ്‌റാഈല്‍ അജന്‍ഡ നടപ്പാക്കല്‍ മാത്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴുള്ള പരിമിതമായ മണ്ണ് കൂടി കവര്‍ന്നെടുക്കാന്‍ തന്നെയായിരുന്നു നീക്കം. ഇസ്‌റാഈലിന്റെ പിറവി തന്നെ നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഹമാസ് കൂടി ഉള്‍പ്പെട്ട ഫലസ്തീന്‍ കൂടുതല്‍ ശക്തമായിരിക്കും. ഇതാണ് അമേരിക്കക്ക് പിടിക്കാത്തത്. ഫലസ്തീനിന്‍ അതോറിറ്റിക്കുള്ള സഹായം റദ്ദാക്കിയും ഫലസ്തീനെയാകെ ഉപരോധത്തില്‍ ഞെരുക്കിയുമാകും അമേരിക്ക ശിക്ഷിക്കുക. സ്വയം നിര്‍ണയിച്ച ഐക്യത്തിനുള്ളതാണ് ഈ ശിക്ഷയെന്നോര്‍ക്കണം. ഇവിടെ ചൈന, റഷ്യ, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വ്യക്തമായ ഇടപെടല്‍ നടത്താനാകും. ഫലസ്തീന്‍ പ്രതിസന്ധിക്കുള്ള പരിഹാരം എന്താണെന്ന് ഇസ്‌റാഈലിനോട് ബാധ്യതയില്ലാത്തവര്‍ തീരുമാനിക്കട്ടെ. അത്തരം വിശാലമായ ഇടപെടലുകള്‍ക്ക് കളമൊരുക്കും വിധത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പുലര്‍ത്താന്‍ ഹമാസ് തയ്യാറാകേണ്ടതുണ്ട്. വേട്ടക്കാരനെ വിശ്വസിക്കുന്ന ‘അതിരുകവിഞ്ഞ’ മിതത്വത്തില്‍ നിന്ന് മഹ്മൂദ് അബ്ബാസും പുറത്തു കടക്കട്ടെ. ഐക്യപ്പെട്ട ഫലസ്തീനെ സഹായിക്കാന്‍ അറബ് രാജ്യങ്ങളടക്കമുള്ള ലോക ശക്തികള്‍ തയ്യാറാകുകയും വേണം. അപ്പോള്‍ മാത്രമേ ഈ ഐക്യത്തിന്റെ ഗുണം ഫലസ്തീന്‍ ജനതക്ക് അനുഭവപ്പെടുകയുള്ളൂ.