Connect with us

Kozhikode

'വാര്‍ത്തകള്‍ക്കു മേല്‍ വാണിജ്യ താത്പര്യം ആധിപത്യം നേടുന്നു: കെ എസ് രാധാകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്: നിഷ്പക്ഷമെന്ന് പറയപ്പെടുന്ന മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ക്കുമേല്‍ വാണിജ്യതാത്പര്യം ആധിപത്യം നേടുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വെള്ളിമാട്കുന്ന് പി എം ഒ സി ഹാളില്‍ സംഘടിപ്പിച്ച ത്രിദിന യുവമാധ്യമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പത്രങ്ങള്‍ ബന്ധപ്പെട്ട പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥമായതു കൊണ്ട് ഇത്തരം മാധ്യമങ്ങളില്‍ വാണിജ്യതാത്പര്യം ആധിപത്യം നേടുന്നില്ല. എഡിറ്റിംഗ് സാധ്യത ഇല്ലാത്തതു കൊണ്ട് ആധികാരികമല്ലാത്ത വാര്‍ത്തകളാണ് ദൃശ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടറുടെ മനോഗതമാണ് പലപ്പോഴും വാര്‍ത്തകളായി അവതരിപ്പിക്കപ്പെടുന്നത് അദ്ദേഹം പറഞ്ഞു.

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് അധ്യകഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ടൈംസ്ഓഫ്ഇന്ത്യ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടര്‍ ജോസി ജോസഫ് അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ ആരോപണ വിധേയരാകുന്നവരുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, പി എസ് സി മെമ്പര്‍ സെക്രട്ടറി ടി ടി ഇസ്മയില്‍, കെ രാധാകൃഷ്ണന്‍ നായര്‍, ബോര്‍ഡ്എക്‌സ്‌പേര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍, ബോര്‍ഡ് മെമ്പര്‍ എ ഷിയാലി പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, കെ പികുഞ്ഞുമൂസ, രാംദാസ് വയനാട്, പി മുസ്തഫ, കെ കെ സന്തോഷ് പ്രസംഗിച്ചു.