കെ എസ് ആര്‍ ടി സി മന്ദിരം നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: April 28, 2014 10:31 am | Last updated: April 28, 2014 at 10:31 am

കോഴിക്കോട്: നഗരത്തിന് അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന പുതിയ കെ എസ് ആര്‍ ടി സി മന്ദിരത്തിലെ വ്യാപാര കേന്ദ്രങ്ങള്‍ വാടകക്ക് നല്‍കാനുള്ള ടെണ്ടര്‍ ഈ മാസം അവസാനം ക്ഷണിക്കും. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം കൂടി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ലിഫ്റ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കെ ടി ഡി എഫ് സിക്കാണ് നിര്‍മാണ ചുമതല.

മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പെടെയുള്ളവ വാടകക്ക് നല്‍കുന്നതിനാണ് ടെണ്ടര്‍ ക്ഷണിക്കുന്നത്. ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ ഉറപ്പിച്ച ശേഷം വാടകക്ക് എടുക്കുന്നവരാണ് നിലത്ത് ടൈല്‍ പാകുന്നതും ചുമര്‍ കെട്ടുന്നതും അടക്കമുള്ള പ്രവര്‍ത്തികള്‍ ചെയ്യേണ്ടത്. ബസ് ടെര്‍മിനലിന്റെ വശത്ത് റോഡിനു സമാന്തരമായി നിര്‍മിച്ച ബാല്‍ക്കണിയിലെ ഫുഡ് കോര്‍ട്ട്, ഇരു ടവറുകള്‍ക്കും ഇടയിലുള്ള സ്ഥലത്തെ മേല്‍ക്കൂരയുള്ള വാഹന പാര്‍ക്കിംഗ് ഏരിയ, ഒന്‍പത് നിലകള്‍ വീതമുള്ള രണ്ട് ടവറുകള്‍, മള്‍ട്ടിപ്ലെക്‌സ് ഏരിയ എന്നിവയാണ് വാടകക്ക് നല്‍കുന്നത്. കെട്ടിടത്തിനു ചുറ്റും റോഡ് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തിയും നടക്കുന്നുണ്ട്. റോഡ് പണിക്ക് വൈബ്രേറ്റര്‍ ശക്തിയില്‍ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് വൈബ്രേറ്ററിന്റെ ഉപയോഗം നിര്‍ത്തിയിരുന്നു.
ഭൂമിക്കടിയില്‍ രണ്ട് നിലകളും അതിനു മുകളില്‍ തറനിരപ്പില്‍ നിന്ന് രണ്ട് നിലകളുടെ ഉയരത്തില്‍ ബസ്‌ടെര്‍മിനലും അതിനും മേലെ ഒന്‍പത് നിലകളടങ്ങുന്ന രണ്ട് ടവറുകളും ഉള്‍പ്പെട്ടതാണ് കെട്ടിട സമുച്ചയം. ഇതിന്റെ കിഴക്ക് ഭാഗത്ത് പണിയുന്ന ഗാരേജ് ഉള്‍പ്പെടുന്ന കെ എസ് ആര്‍ ടി സി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. 55 കോടി രൂപ മുടക്കി കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ടെര്‍മിനലിനുള്ളില്‍ ബസുകള്‍ നിര്‍ത്തിയിടുമ്പോള്‍ ഏതെങ്കിലും ബസുകള്‍ക്ക് പുറകിലേക്ക് നീങ്ങി പുറത്തേക്ക് ഇറങ്ങാന്‍ തടസ്സമുണ്ടോ എന്നു കണ്ടെത്തുന്നതിനായി ബസുകള്‍ എത്തിച്ച് പരീക്ഷണം നടത്തിയിരുന്നു.
അതേസമയം, സ്റ്റാന്റ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ താഴത്തെ നിലയിലെ സര്‍വീസ് ബേയില്‍ 40 ബസുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാമെന്നാണ് പ്രതീക്ഷ. ഇതടക്കം 67 ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാവും പുതിയ കെട്ടിടത്തിനുണ്ടാകുക. കോഴിക്കോട് ഡിപ്പൊയില്‍ നിന്ന് മാത്രം 120 സര്‍വീസുകളാണ് വിവിധയിടങ്ങളിലേക്ക് നടത്തുന്നത്. 2009 ല്‍ സ്റ്റാന്റ് നിര്‍മാണം ആരംഭിച്ചതോടെ പാവങ്ങാടുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രിമോ പൈപ്പ് കമ്പനിയുടെ സ്ഥലത്താണ് ഇപ്പോള്‍ ഗാരേജും ബസ് പാര്‍ക്കിംഗും. രണ്ട് ഏക്കര്‍ 43 സെന്റ് സ്ഥലത്തിന് വര്‍ഷം ഒരു ലക്ഷം രൂപ യൂസേഴ്‌സ് ഫീയാണ് കെ എസ് ആര്‍ ടി സി നല്‍കുന്നത്. നിര്‍ദിഷ്ട കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ മാവൂര്‍ റോഡിലെ സ്റ്റേഷന്‍ കെ എസ് ആര്‍ ടി സി സ്റ്റാന്റിന് സമീപത്താണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ മാവൂര്‍ റോഡില്‍ സിറ്റി, ഓര്‍ഡിനറി സര്‍വീസുകള്‍ കൂടി എത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയും ഉണ്ട്.