Connect with us

Kozhikode

ബാര്‍ ലൈസന്‍സ്: ജഡ്ജി പിന്‍മാറിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം- കോടിയേരി

Published

|

Last Updated

കോഴിക്കോട്: ബാര്‍ ലൈസന്‍സ് കേസില്‍ നിന്ന് ജഡ്ജി പിന്‍മാറിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിധി പറയാനിരുന്ന കേസില്‍ നിന്ന് ജഡ്ജി പിന്‍മാറിയത് നീതിന്യായ വ്യവസ്ഥയിലെ അസാധാരണ സംഭവമാണ്. ജഡ്ജിയെ സ്വാധീനിക്കാന്‍ വേണ്ടി അഭിഭാഷകനെ ആരാണ് പറഞ്ഞ് വിട്ടതെന്ന് പുറത്ത് കൊണ്ട് വരാന്‍ സമഗ്ര അന്വേഷണം തന്നെ വേണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന ഭരണം ഇന്ദിരാഭവനിലേക്ക് മാറിയിരിക്കുകയാണ്. സെക്രട്ടേറിയറ്റ് നോക്ക്കുത്തിയായി. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കാരണം സര്‍ക്കാറിന് നയപരമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസില്‍ ജനാധിപത്യപരമായ ചര്‍ച്ച വേണമെന്ന് മുമ്പ് പറഞ്ഞ സുധീരന്‍ കെ പിസി സി പ്രസിഡന്റായതോടെ തിരുവായക്ക് എതിര്‍വാ ഇല്ലാത്ത അവസ്ഥയിലാണ്.
കോടതി വിധിയുടെ മറവില്‍ ബാര്‍ ലൈസന്‍സ് കൊടുക്കാമെന്നാണ് സര്‍ക്കാര്‍ വിചാരിച്ചത്. എന്നാല്‍ ഹൈക്കോടതി വിധി എതിരായതോടെ സര്‍ക്കാറിന്റെ പിടിപ്പുകേടാണ് പുറത്തുവന്നത്. 416 ബാറുകള്‍ അടച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം ജോലി നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. വിലപേശി ബാറുകള്‍ക്ക് അനുമതി കൊടുക്കനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
പത്മനാഭസ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. ഇത് സംബന്ധിച്ച ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന രാജഭരണത്തെ ഇപ്പോഴും താലോലിക്കുന്നതിന് തെളിവാണ്. രാജഭരണത്തിന്റെ വക്തവായി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നത് ശരിയായ നടപടിയല്ല. നാല് ലക്ഷത്തോളം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടികിടക്കുന്നത് ഭരണസ്തംഭനത്തിന്റെ തെളിവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Latest