Connect with us

International

ഹമാസും ഫതഹും ചരിത്രപരമായ അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചു

Published

|

Last Updated

gaza city 2ജറൂസലം: ഫലസ്തീനില്‍ ദീര്‍ഘകാലമായി പരസ്പരം പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ഹമാസും ഫതഹും ചരിത്രപരമായ അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചു. തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് അവസാനമായെന്നും രണ്ട് വിഭാഗങ്ങളും ഐക്യ ഫലസ്തീനെന്ന അനുരഞ്ജനത്തിലെത്തിയെന്നും ബുധനാഴ്ച ഹമാസ്, ഫതഹ് നേതാക്കള്‍ പ്രഖ്യാപിച്ചു. അതേസമയം, ഇസ്‌റാഈലുമായുള്ള സമാധാന ചര്‍ച്ചകളെ ഈ നീക്കം തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.
കരാറനുസരിച്ച്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പദ്ധതികള്‍ നടപ്പില്‍ വരുത്തുമെന്ന് ഫതഹിന്റെ കരുത്തനായ നേതാവും ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി എല്‍ ഒ)ന്റെ ഉന്നത നേതാവുമായ ജിബ്‌രീല്‍ റജൗബ് വ്യക്തമാക്കി. അതേസമയം ഫലസ്തീനിയന്‍ അതോറിറ്റി (പി എ) നേതൃത്വം രണ്ട് രാഷ്ട്ര പരിഹാര പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനി ജനതയുടെ മേല്‍ നിരന്തരം ക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്ന ഇസ്‌റാഈലിനെ നശിപ്പിക്കണമെന്ന ഉറച്ച നിലപാടുള്ളവരാണ് ഹമാസ് വിഭാഗം. എന്നാല്‍ ജൂതരാഷ്ട്രത്തെ അംഗീകരിച്ചുതരാതെ ഹമാസുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കില്ലെന്ന് പാശ്ചാത്യന്‍ രാജ്യങ്ങളും നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് രാഷ്ട്രങ്ങള്‍ എന്ന പരിഹാരം മുന്നോട്ടുവെക്കാതെ അനുരഞ്ജന കരാറില്‍ ഒപ്പ് വെക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഇസ്‌റാഈല്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഫലസ്തീന്‍ ഭൂമിയില്‍ ജൂത കുടിയേറ്റത്തിനെതിരെ ശക്തമായി നിലകൊള്ളുകയും വേണം. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം രാഷ്ട്രങ്ങളെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നിലവിവെ അനുരഞ്ജന നടപടികള്‍. ഇപ്പോള്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍ ഫലസ്തീന്റെ അഭ്യന്തര കാര്യം മാത്രമാണ്. അന്താരാഷ്ട്ര ചര്‍ച്ചകള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ തങ്ങള്‍ താത്പര്യപ്പെടുന്നില്ലെന്നും റജൗബ് ചൂണ്ടിക്കാട്ടി.
ഹമാസ്- ഫത്താഹ് പോരാട്ടങ്ങള്‍ക്ക് അറുതിവരുത്തുന്നത് ലക്ഷ്യം വെച്ച് ഉന്നത പി എല്‍ ഒ പ്രതിനിധി, ഹമാസ് നേതാവുമായി ചര്‍ച്ച ചെയ്യാന്‍ ഗാസയിലെത്തി ഒരു ദിവസത്തിന് ശേഷമാണ് അനുരഞ്ജന പ്രഖ്യാപനം വന്നിരിക്കുന്നത്.