കരിപ്പൂരില്‍ 64.25 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

Posted on: April 25, 2014 12:57 am | Last updated: April 24, 2014 at 11:57 pm

കൊണ്ടോട്ടി: വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്ന 64,24,649 രൂപക്കുള്ള വിദേശ കറന്‍സികള്‍ കരിപ്പൂരില്‍ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി നജീല്‍മന്‍സിലില്‍ നജീബിനെ(40) കസ്റ്റംസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് കോയ നജീബ്, 29 ജോണ്‍സ് സ്ട്രീറ്റ്, ചെന്നൈ എന്ന വിലാസത്തിലുള്ള പാസ് പോര്‍ട്ടുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. സശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ കൈയിലെ ഹാന്‍ഡ് ബാഗ് എയര്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് കറന്‍സി കടത്ത് പുറത്തായത്. ഉടന്‍ ഇയാളെ കസ്റ്റംസിന് കൈമാറുകയായിരുന്നു. അമേരിക്കന്‍ ഡോളര്‍, സൗഉദി റിയാല്‍, കുവൈത്ത് ദീനാര്‍, മലേഷ്യന്‍ റിക്കറ്റ്, ദുബൈ ദിര്‍ഹം, ഒമാന്‍ ദിര്‍ഹം തുടങ്ങിയ കറന്‍സികളായിരുന്നു ഇയാള്‍ കടത്താന്‍ കൊണ്ടുവന്നിരുന്നത്. കരിപ്പൂരില്‍ അടുത്ത കാലത്തൊന്നും വിദേശത്തേക്ക് കറന്‍സി കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.