Connect with us

International

ഇന്റര്‍നെറ്റ് സി ഐ എയുടെ ഗൂഢ പദ്ധതി: പുടിന്‍

Published

|

Last Updated

മോസ്‌കോ: ഇന്റര്‍നെറ്റ് സംവിധാനം അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ ഗൂഢ പദ്ധതിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍. ഗൂഗിള്‍ സെര്‍ച്ച് നടത്തുന്നതിനെതിരെ റഷ്യക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
പ്രത്യേക പദ്ധതിയായാണ് ഇന്റര്‍നെറ്റ,് സി ഐ എ വികസിപ്പിച്ചെടുത്തതെന്ന് യുവ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പുടിന്‍ പറഞ്ഞു. ഗൂഗിളിന്റെ എല്ലാ കേന്ദ്രവും അമേരിക്കയിലാണെന്നും അവിടെ നിന്നാണ് എല്ലാം നിയന്ത്രിക്കപ്പെടുന്നതെന്നും ഗൂഗിളിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. റഷ്യയുടെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ യാന്‍ഡെക്‌സിന് ഓഹരി വിപണിയില്‍ തകര്‍ച്ച നേരിടുന്നതില്‍ വിദേശി ഓഹരിയുടമകളുടെ ആശങ്ക അദ്ദേഹം പങ്കുവെച്ചു. നമ്മുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി തീരുമാനിച്ചുറച്ച് പോരാടേണ്ടതുണ്ട്. ആ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. അതിന് തീര്‍ച്ചയായും സര്‍ക്കാര്‍ സഹായമുണ്ടാകും. പുടിന്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് വിദേശത്ത് നിന്ന് നിയന്ത്രിക്കപ്പെടുന്നതില്‍ റഷ്യന്‍ ഭരണകൂടം അതീവ ആശങ്കയിലാണ്. ദേശീയ ടി വി ചാനലുകളില്‍ വിലക്കേര്‍പ്പെടുത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്റര്‍നെറ്റിലൂടെയാണ് തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയകളുടെ സെര്‍വറുകള്‍ റഷ്യയിലാക്കണമെന്ന് ആവശ്യപ്പെട്ട് ഈയാഴ്ച റഷ്യന്‍ പാര്‍ലിമെന്റ് നിയമം പാസ്സാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഉപയോക്താക്കളുടെ മുഴുവന്‍ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നും നിയമത്തില്‍ പറയുന്നു. കോടതി ഉത്തരവ് കൂടാതെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ അധികാരം നല്‍കുന്ന മറ്റൊരു നിയമവും പാസ്സാക്കിയിട്ടുണ്ട്.

Latest