ആദ്യ ഘട്ടങ്ങളില്‍ നിന്ന് ‘പാഠം’ പഠിച്ച് അവസാന ഘട്ടങ്ങളിലേക്ക്

  Posted on: April 25, 2014 11:27 pm | Last updated: April 25, 2014 at 11:27 pm

  congress-bjp-aapന്യൂഡല്‍ഹി: പല ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് സുരക്ഷയുടെയും സൗകര്യത്തിന്റെയും നിരവധി ന്യായങ്ങള്‍ നിരത്താനുണ്ട് സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും. എന്നാല്‍, ബഹു ഘട്ട വോട്ടെടുപ്പ് രീതി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അഭിപ്രായ വോട്ടെടുപ്പിനും മറ്റും നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴും പരോക്ഷമായ അഭിപ്രായ രൂപവത്കരണം നടക്കുന്നുവെന്നും അതുവഴി വോട്ടിംഗ് ഘടനയില്‍ അട്ടിമറി സംഭവിക്കുന്നുവെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ‘ദി മേക്കിംഗ് ഓഫ് ഗ്രേറ്റ് ഇന്ത്യന്‍ ഇലക്ഷന്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എസ് വൈ ഖുറൈശിക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. കാതോട് കാതുള്ള പ്രചാരണവും തെറ്റായ വിവരങ്ങള്‍ രഹസ്യമായി പ്രചരിക്കുന്നതും വോട്ടിംഗ് പെരുമാറ്റത്തെ സ്വാധീനിക്കുമെന്നത് ബഹു ഘട്ട വോട്ടെടുപ്പിന്റെ ന്യൂനതയാണെന്ന് അദ്ദേഹം പറയുന്നു. അവസാന ഘട്ടങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രവണതകള്‍ മനസ്സിലാക്കുന്നതിനും പ്രചാരണത്തിനും കൂടുതല്‍ സൗകര്യം ലഭിക്കുകയും ചെയ്യുമെന്ന് ഖുറൈശി പറയുന്നു.
  ബീഹാറില്‍ നിന്നുള്ള ഒരു മുസ്‌ലിം നേതാവ് പറഞ്ഞതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്: ബീഹാറില്‍ ആദ്യത്തെ രണ്ട് ഘട്ടം പിന്നിട്ടപ്പോള്‍ ബി ജെ പിയെ ആരാണ് ശരിയായി പ്രതിരോധിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കും.
  ബീഹാറിലെ തന്നെ അരാരിയയില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥി ഇതിന്റെ മറുപുറമാണ് പറയുന്നത്: ‘മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി വോട്ട് മറിക്കുന്നതായി ആദ്യ ഘട്ടങ്ങളില്‍ വിവരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഹിന്ദുക്കളും ഒന്നിക്കണം’. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കും. പക്ഷേ, ആദ്യ ഘട്ടം വിശകലനം ചെയ്തു, വിശ്വസനീയമായ വിവരം കിട്ടിത്തുടങ്ങിയ പ്രസ്താവനകളുടെ അകമ്പടിയോടെ നടക്കുന്ന പ്രചാരണങ്ങള്‍ വന്‍ വിശ്വാസ്യത കൈവരിക്കുയാണ് ചെയ്യുക.
  പാറ്റ്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ ഷൈബാല്‍ ഗുപ്ത ബഹു ഘട്ട വോട്ടെടുപ്പിനെ ജനാധിപത്യവിരുദ്ധം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ലോക്‌നീതി പരിപാടിയുടെ കോ- ഓര്‍ഡിനേറ്ററും തിരഞ്ഞെടുപ്പ് വിദഗ്ധനുമായ സഞ്ജയ് കുമാര്‍ ഇതിന്റെ ഇരുവശവും ചൂണ്ടിക്കാട്ടുന്നു. ‘എണ്‍പതുകളിലും തൊണ്ണൂറുകളിലും നൂറിലധികം പേര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ മരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അത് തീരെയില്ലെന്ന് തന്നെ പറയാം. ഇത് വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഗുണം തന്നെയാണ്. ആദ്യ ഘട്ടങ്ങളില്‍ പോളിംഗ് കൂടുതലാണെങ്കില്‍ മറ്റിടങ്ങളിലുള്ളവരും വലിയ തോതില്‍ ബൂത്തില്‍ എത്തുന്നുവെന്ന ഗുണവും ഉണ്ട്. അതേസമയം, മുന്നിട്ട് നില്‍ക്കുന്നുവെന്ന് തോന്നിക്കുന്ന പാര്‍ട്ടികള്‍ അവസാനത്തെ ഘട്ടങ്ങളില്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന കുഴപ്പമുണ്ട്. കൃത്യമായ തീരുമാനങ്ങളില്ലാത്ത വോട്ടര്‍മാരെ ആദ്യ ഘട്ടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സ്വാധീനിച്ചേക്കാം’.
  ബി ജെ പി ഇത്തവണ നിര്‍ണായകമായ നീക്കങ്ങള്‍ക്ക് തിരഞ്ഞെടുത്ത തീയതികള്‍ ഇത്തരം നേട്ടം ലക്ഷ്യമിട്ടതാണെന്ന് കുമാര്‍ പറയുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് ദിവസമാണ് അവര്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ഏറ്റവും നിര്‍ണായകമായ ആറാം ഘട്ടത്തിന്റെ ദിവസമാണ് നരേന്ദ്ര മോദി വാരാണസിയില്‍ ആഘോഷപൂര്‍വം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഹിന്ദുത്വ അജന്‍ഡകളിലും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളിലും ബി ജെ പി നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്ന് കുമാര്‍ പറഞ്ഞു.