Connect with us

Ongoing News

പിന്നാക്ക മുസ്‌ലിം വിഭാഗത്തിന് പ്രത്യേക സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പത്രിക

Published

|

Last Updated

ന്യൂഡല്‍ഹി: പിന്നാക്ക മുസ്‌ലിം വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസിന്റെ ഉപ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. മാര്‍ച്ച് 26ന് കോണ്‍ഗ്രസ് നേരത്തെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഇതിനു പുറമേയാണ് ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം എന്ന ലക്ഷ്യവുമായി മുസ്‌ലിം വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പട്ടിക ജാതിക്കാര്‍ക്ക് നല്‍കുന്ന സംവരണ മാനദണ്ഡം വാഗ്ദാനം ചെയ്ത് ഇന്നലെ ഉപ പ്രകടന പത്രിക കൂടി കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പ്രഖ്യാപനമുള്ളത്.
നിലവില്‍ ഹിന്ദു, ബുദ്ധ മതങ്ങളിലെ പിന്നാക്കക്കാര്‍ക്ക് മാത്രമാണ് ദളിത് സംവരണാനുകൂല്യം ലഭിക്കുന്നത്. ഇത് ക്രിസ്ത്യന്‍, മുസ്‌ലിം സമുദായത്തിലെ അധഃസ്ഥിത വിഭാഗത്തിനും ലഭ്യമാക്കണമെന്ന ആവശ്യം നിലവിലുണ്ട്. എന്നാല്‍, ഈ വിഷയം സുപ്രീം കോടതിയുടെ തീര്‍പ്പ് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങളില്‍ ഉള്ളതു പോലെ ജാതീയ ഉച്ചനീചത്വങ്ങള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍ നിലവിലില്ലാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് ദളിത് ആനുകൂല്യം നല്‍കേണ്ടതില്ലെന്നാണ് ബി ജെ പിയുടെ വാദം.
തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരം വാഗ്ദാനങ്ങളുമായി വരുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യം വെച്ചാണെന്നും ബി ജെ പി ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് യാതൊരു ഉപ പ്രകടന പത്രികയും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവും കേന്ദ്ര നിയമ മന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പട്ടിക വിഭാഗത്തിന് സമാനമായ സംവരണം എന്നത് സുപ്രീം കോടതിയില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കപ്പെടാത്ത വിഷയമാണ്. ഈ സ്ഥിതി തുടരുന്നിടത്തോളം കോണ്‍ഗ്രസിന് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

Latest