ചെമ്മാട് എ ടി എം കവര്‍ച്ച; അന്വേഷണം എങ്ങുമെത്തിയില്ല

Posted on: April 24, 2014 10:07 am | Last updated: April 24, 2014 at 10:07 am

തിരൂരങ്ങാടി: ചെമ്മാട് എസ് ബിടി ബ്രാഞ്ചിലെ എ ടി എമ്മിലെ നടന്ന കവര്‍ച്ചാകേസിലെ അന്വേഷണം എങ്ങുമെത്തിയില്ല. വേങ്ങര ചളിടവഴി പുതുമണ്ണില്‍ പ്രകാശന്റെ 38000രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് എ ടി എമ്മല്‍ നിന്ന് പണം പിന്‍വലിച്ചത്. കുറ്റിപ്പുറം അഗ്രികള്‍ച്ചറല്‍ഓഫീസറായ ഇദ്ദേഹം വേങ്ങരയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കുള്ള ബസില്‍കക്കാട് ഇറങ്ങി അവിടെ നിന്ന് തൃശൂര്‍ ബസില്‍ കുറ്റിപ്പുറത്തേക്ക് പോകുമ്പോള്‍ ചങ്കുവെട്ടിയില്‍ എത്തിയപ്പോള്‍ ഇയാളുടെ മൊബൈല്‍ഫോണില്‍ മെസേജ് വരികയായിരുന്നു. തന്റെ അക്കൗണ്ടില്‍നിന്ന് 3000രൂപ പിന്‍വലിച്ചതായിരുന്നു സന്ദേശം. തൊട്ടുപിറകെ 35000രൂപപിന്‍വലിച്ചതായി വീണ്ടും സന്ദേശംവന്നു. അപ്പോഴാണ് തന്റെ ബാഗിലുണ്ടായിരുന്ന എ ടി എം കാര്‍ഡ് അടക്കമുള്ള പേഴ്‌സ് കളവ്‌പോയതായി അറിയുന്നത്.
ചങ്കുവെട്ടിയില്‍ ഇറങ്ങിയ ഇദ്ദേഹം തനിക്ക് അക്കൗണ്ട് ഉള്ള മലപ്പുറം എസ്ബിടിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ചെമ്മാട്എടിഎം ല്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. പേഴ്‌സില്‍ ഒരുകടലാസില്‍ ചെറുതാക്കി എടിഎംന്റെ കോഡ്‌നമ്പര്‍ ഇദ്ദേഹം എഴുതിവെച്ചതാണ് മോഷ്ടാവിന് സഹായമായത്. ഉടന്‍ തിരൂരങ്ങാടി പോലീസില്‍ പരാതിനല്‍കി.പോലീസ് എടിഎം കൗണ്ടറിലെ കാമറയില്‍ പകര്‍ന്ന മോഷ്ടാവിന്റെ ചിത്രം പഴി പല അന്വേഷണങ്ങളും നടത്തിയെങ്കിലും ഒരുതുമ്പും ഉണ്ടായിട്ടില്ല. ക്യാമറയില്‍ പ്രതിയുടെ ഒരുഭാഗത്തെ ചിത്രം മാത്രമേ ലഭിച്ചിട്ടുള്ളൂ.എങ്കില്‍ വളരെഎളുപ്പത്തില്‍ തിരിച്ചറിയാവുന്ന വിധത്തിലാണ് ചിത്രം.മലപ്പുറം,കോഴിക്കോട് ജില്ലകളിലെ ജയിലുകള്‍ കേന്ദ്രീകരിച്ചും ക്രൈം വിഭാഗത്തിന്റെ കൈവശമുള്ള കുറ്റവാളികളുടെ ഫോട്ടോഅടങ്ങുന്ന ആല്‍ബത്തിലെ ഫോട്ടോകേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.