കാക്കാത്തോടിന്റെ ഭിത്തി തുരന്ന് മണലെടുപ്പ്‌

Posted on: April 24, 2014 9:48 am | Last updated: April 24, 2014 at 9:48 am

കോട്ടക്കല്‍: കാക്കാത്തോടിന്റെ ഭിത്തി തുരന്ന് മണലെടുക്കുന്നത് വ്യാപകം. പലയിടങ്ങളിലായി തോട്ടില്‍ ഇങ്ങനെ മണലെടുത്തിട്ടുണ്ട്. ഭിത്തി തുരന്നതിനാല്‍ തോടിന്റെ അരികിടിയുന്നതിന് ഇത് കാരണമാകും. മഴ തുടങ്ങി തോട്ടില്‍ വെള്ളം നിറയുന്നതോടെ തോടിന്റെ കര പൂര്‍ണമായും ഇടിഞ്ഞ് തീരുന്നതായിരിക്കും ഫലം. തോടില്‍ പലഭാഗത്തും മണലുണ്ട്. ഇവയാണ് കര തുരന്നെടുക്കുന്നത്.
പടവ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഈ മണലുകള്‍ ഉപയോഗിക്കുന്നത്. പുത്തൂര്‍ തോട്ടില്‍ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡിന്റെ ഭാഗത്തേക്കുള്ള ഭാഗങ്ങളില്‍ പലയിടത്തായി ഇത്തരത്തില്‍ മണലെടുത്തതിനാല്‍ തോടരികില്‍ വലിയ പൊത്തുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം പൊത്തുകള്‍ അടുത്ത മഴയോടെ ഇടിഞ്ഞ് വീഴാനിടയാക്കും. ഇത് തോടിന്റെ തകര്‍ച്ചക്കും കാരണാകും. അതെ സമയം തോട്ടില്‍ നിന്നും മണലെടുക്കുന്നത് അധികൃതര്‍ ഗൗനിക്കാത്തതാണ് ഇവ വ്യാപകമാകാന്‍ ഇടയാക്കുന്നത്.