Connect with us

International

വോട്ടെടുപ്പില്‍ കൃത്രിമം; അഫ്ഗാന്‍ തിരഞ്ഞെടുപ്പ് ഫലം വൈകും

Published

|

Last Updated

കാബൂള്‍: വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം രണ്ട് ദിവസം വൈകും. കള്ള വോട്ടുകളടക്കമുള്ള വിഷയങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണം നടത്തിയ ശേഷം ശനിയാഴ്ചയോടെ മാത്രമേ പൂര്‍ണ ഫലം പുറത്തുവിടൂവെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം അഞ്ചിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 2009ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കള്ള വോട്ടടക്കമുള്ള കൃത്രിമത്വം നടന്നതായുള്ള ആയിരത്തോളം വരുന്ന ഗൗരവതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. പ്രസിഡന്റ് ഹാമിദ് കര്‍സായി അധികാരമുപയോഗിച്ച് വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. തിരഞ്ഞെടുപ്പ് ഫലം അഫ്ഗാന്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തും. അന്വേഷണം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ മന്ദഗതിയിലാക്കുമെങ്കിലും സത്യസന്ധമായ ഫലപ്രഖ്യാപനത്തിന് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഭാഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ 44.4 ശതമാനം വോട്ടോടെ മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ലയാണ് മുന്നിട്ടു നില്‍ക്കുന്നത്. പ്രധാന എതിരാളിയായ ലോക ബേങ്ക് മുന്‍ സാമ്പത്തിക വിദഗ്ധന്‍ അശ്‌റഫ് ഗനിക്ക് 33.2 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 28ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ മുന്നിലുള്ള ഇരു സ്ഥാനാര്‍ഥിയും 50 ശതമാനത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Latest