Connect with us

Ongoing News

ചെല്‍സി പ്രതിരോധം പയറ്റി; അത്‌ലറ്റിക്കോക്ക് സമനിലക്കുരുക്ക്‌

Published

|

Last Updated

Diego-Costa--018മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് – ചെല്‍സി സെമിഫൈനലിന്റെ ആദ്യ പാദം ഗോള്‍രഹിതം. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ അടുത്താഴ്ച നടക്കുന്ന രണ്ടാം പാദം നിര്‍ണായകമായി.
കളം നിറഞ്ഞു കളിച്ച സ്പാനിഷ് ക്ലബ്ബിന് മുന്നില്‍ “പ്രതിരോധ ബസ് പാര്‍ക്ക് ” ചെയ്താണ് ചെല്‍സി സമനിലയൊപ്പിച്ചത്. റോബര്‍ട്ടോ ഡി മാറ്റിയോ ചെല്‍സിക്ക് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തത് അമിത പ്രതിരോധ ഗെയിം പുറത്തെടുത്തായിരുന്നു. അന്ന് അതിനെ ജോസ് മൗറിഞ്ഞോ പരിഹസിച്ചത് ഗോളിന് മുന്നില്‍ ബസ് പാര്‍ക്ക് ചെയ്തുള്ള കളിയെന്നായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ പലപ്പോഴും എട്ട് പേരായിരുന്നു ബോക്‌സിനുള്ളില്‍ ചെല്‍സിക്ക് പ്രതിരോധം തീര്‍ത്തത്.
സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയെ അനങ്ങാന്‍ വിട്ടില്ല. സഹികെട്ട്, അസാധ്യമായ രണ്ട് ബൈസിക്കിള്‍ കിക്കിന് കോസ്റ്റ പരിശ്രമിച്ചു. ചില അര്‍ധാവസരങ്ങളും സിമിയോണിയുടെ ശിഷ്യന്‍മാര്‍ കണ്ടെത്തി. എന്നാല്‍, എവേ മത്സരത്തില്‍ ക്ലീന്‍ ഷീറ്റുമായി മടങ്ങി, നാട്ടില്‍ ജയിക്കാനുള്ള ഗെയിം പുറത്തെടുക്കുക എന്ന മൗറിഞ്ഞോ തന്ത്രത്തിന് മുന്നില്‍ സിമിയോണിക്ക് മറുപടിയില്ലാതായി.
62 ശതമാനം പന്ത് കൈവശം വെച്ച അത്‌ലറ്റിക്കോ 26 തവണ ഗോളിലേക്ക് നിറയൊഴിച്ചു. ചെല്‍സി അഞ്ച് തവണ മാത്രമാണ് വല ലക്ഷ്യമിട്ടത്. ചെല്‍സി ലോണില്‍ നല്‍കിയ ഗോളി കുര്‍ടോയിസായിരുന്നു അത്‌ലറ്റിക്കോയുടെ വല കാത്തത്. കോസ്റ്റയുടെയും ഗാര്‍സിയയുടെയും ഹെഡര്‍ തടഞ്ഞ് കുര്‍ടോയിസ് മികവിലേക്കുയര്‍ന്നു. ചെല്‍സിക്ക് ഗോളി പീറ്റര്‍ ചെക്കിനെയും ഡിഫന്‍ഡര്‍ ജോണ്‍ ടെറിയെയും പരുക്കേറ്റ് നഷ്ടമായി. ചെക്കിന് സീസണ്‍ നഷ്ടമാകും. ടെറിക്ക് ലിവര്‍പൂളിനെതിരെ ഞായറാഴ്ച കളിക്കാനാകില്ല.
ഫ്രാങ്ക് ലംപാര്‍ഡ്, ഒബി മിഖേല്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍ കാരണം സെമിയുടെ രണ്ടാം പാദം നഷ്ടമാകും. അത്‌ലറ്റിക്കോ ക്യാപ്റ്റന്‍ ഗാബിക്കും രണ്ടാം പാദം നഷ്ടം. ലിവര്‍പൂളിനെതിരെ നിര്‍ണായക ലീഗ് മത്സരത്തില്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കാനാണ് ചെല്‍സി കോച്ചിന്റെ തീരുമാനം.
ചാമ്പ്യന്‍സ് ലീഗില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചതിനാല്‍ ലംപാര്‍ഡും മിഖേലും ലിവര്‍പൂളിനെതിരെ ആദ്യ ലൈനപ്പിലുണ്ടാകും.
അത്‌ലറ്റിക്കോയുടെ മുന്‍ സൂപ്പര്‍ താരം ടോറസായിരുന്നു ചെല്‍സിയുടെ ഏക സ്‌ട്രൈക്കര്‍. ഒരിക്കല്‍ മാത്രം മിന്നലാട്ടം നടത്തി ടോറസ് അടങ്ങി. അത്‌ലറ്റിക്കോയുടെ സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ കളം വിടുമ്പോള്‍ ചെല്‍സിയുടെ കാണികള്‍ക്ക് കൈ വീശിയത് ട്രാന്‍സ്ഫര്‍ സൂചനയായി. അടുത്ത സീസണില്‍ കാണാം എന്നായിരുന്നു ചെല്‍സി ആരാധകര്‍ ആര്‍ത്തുവിളിച്ചത്. കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ട്.