Connect with us

Ongoing News

മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക

Published

|

Last Updated

റായ്ബറേലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കു നേരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സ്ത്രീ ശാക്തീകരണം എല്ലാവരും പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അതിന് വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല. സ്ത്രീകളുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്ന നേതാക്കളെ പുറത്താക്കണമെന്നും അവര്‍ പറഞ്ഞു.
അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്നത് നല്ലതല്ലെന്ന് പ്രിയങ്ക പറഞ്ഞു. അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടായാല്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് എന്ത് അധികാരമാണുണ്ടാവുകയെന്നും അവര്‍ ചോദിച്ചു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങളുടെ ഏറ്റുമുട്ടലാണ്. രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. ഈ രണ്ട് ആശയസംഹിതകളില്‍ ഏതു വേണമെന്ന് ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാമെന്നും പ്രിയങ്ക പറഞ്ഞു.
അഴിമതി തുടച്ചു നീക്കുമെന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ അതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് അവര്‍ സംസാരിക്കുന്നതേയില്ല. അഴിമതി അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് വിവരാവകാശ നിയമം കൊണ്ടുവന്നത്. അതിനുശേഷം ഉണ്ടായ അഴിമതി കേസുകളില്‍ യു പി എ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. പ്രതിപക്ഷ നേതാക്കള്‍ വികസനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്ന് അവര്‍ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.