സഞ്ചനയുടെ കൂട്ട് മഹദ്ഗ്രന്ഥങ്ങളുമായി

Posted on: April 23, 2014 2:57 pm | Last updated: April 23, 2014 at 2:57 pm

Untitled-1 copyദുബൈ: ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥിനി സഞ്ചന ബിജുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ പുസ്തകങ്ങള്‍. നിരവധി പുസ്തകങ്ങള്‍ ഈ ചെറുപ്രായത്തില്‍ തന്നെ വായിച്ചു തീര്‍ത്തു. സഞ്ചന വായനാ രംഗത്ത് മറ്റുകുട്ടികള്‍ക്ക് ഒരു മാതൃകയാണ്. വായിക്കാത്ത ദിവസങ്ങള്‍ വളരെ കുറവ്. വീട്ടില്‍ വലിയൊരു ലൈബ്രറി തന്നെ സഞ്ചന ഒരുക്കി.

ഫെയ്‌സ്ബുക്കും വാട്ട്‌സ് അപ്പും ട്വിറ്ററടക്കമുള്ള നവ മാധ്യമങ്ങളുടെ കടന്നു കയറ്റം കാരണം പുസ്തക വായനയോടുള്ള താല്‍പര്യം കുറഞ്ഞുപോയിരുന്നുവെങ്കിലും സഞ്ചനയെ തൃപ്തിപ്പെടുത്തിയത് പുസ്തക വായന. നാലാം തരത്തില്‍ പഠിക്കുമ്പോള്‍ പ്രശസ്തമായ ഒരു ഇംഗ്ലീഷ് പുസ്തകത്തിലൂടെയാണ് ആദ്യത്തെ ഗൗരവ വായന ആരംഭിച്ചത്. അതിനു മുമ്പും കോമിക് പുസ്തകങ്ങളും മറ്റും വായിക്കാറുണ്ടായിരുന്നു. പുസ്തകങ്ങള്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്തതിനുശേഷം അതിലെ പ്രധാന ഭാഗങ്ങള്‍ എഴുതിവെക്കുകയും ചെയ്യും. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.
പുസ്തകങ്ങളുടെ ഒരു വലിയ കലവറയാണ് സഞ്ചനയുടെ മുറി. ഇവിടെ നിന്ന് വാങ്ങുന്നതിനു പുറമെ നാട്ടില്‍ നിന്നും കൂടുതലായി പുസ്തകങ്ങള്‍ വാങ്ങാറുണ്ട്. വാങ്ങിയ പുസ്തകം ശേഖരിക്കുന്നതിനു പകരം ഉടന്‍ വായിച്ചുതീര്‍ക്കുന്ന സ്വഭാവമാണ്.
ബ്രദര്‍ ഇന്റര്‍ നാഷനല്‍ ഓഫീസില്‍ അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ബിജു വര്‍ഗീസിന്റേയും ഈസ്റ്റേണ്‍ കമ്പനിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന സീമയുടെയും മൂത്ത പുത്രിയാണ് സഞ്ചന. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ നാലാം തരം വിദ്യാര്‍ഥിനി സിയാനയാണ് സഹോദരി.
ആനീ ഓഫ് ഗ്രീന്‍ ഗാബ്ള്‍സ് എന്ന പുസ്തകമാണ് ഒടുവില്‍ വായിച്ചത്. ഇതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബില്‍ പങ്കുവെച്ചത്. ഒരു അനാഥ ക്കുട്ടിയെ പതിനൊന്നാം വയസില്‍ ദമ്പതികള്‍ ദത്തെടുക്കുന്നതിനെ പശ്ചാത്തലമാക്കി തയ്യാറാക്കിയ ഈ പുസ്തകം മനോഹരമാണെന്നും നന്മകളും കാരുണ്യങ്ങളും നിഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന ലോകത്ത് ഇതിന്റെ പ്രാധാന്യം വിലപ്പെട്ടതാണെന്നും സഞ്ചന വിലയിരുത്തുന്നു.