Connect with us

Kozhikode

മഴക്കാലമെത്താറായിട്ടും നഗരത്തിലെ സ്ലാബുകള്‍ പൊളിഞ്ഞുതന്നെ

Published

|

Last Updated

കോഴിക്കോട്: മഴക്കാലമെത്താറായി. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിലെ പുഴയൊഴുകുന്ന റോഡില്‍ നിന്ന് രക്ഷപ്പെടാന്‍ ഫുട്പാത്തിലേക്ക് കയറിയ വീട്ടമ്മ മരണത്തിലേക്ക് വാതുറന്ന് കിടക്കുന്ന ഓടയിലേക്ക് വീണു. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ വീണിടത്ത് നിന്ന് നൂറ് മീറ്ററോളം മാറിയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തത്.
റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പൊട്ടിയ സ്ലാബിലൂടെ ഓടയിലേക്ക് വീണ് വീട്ടമ്മ മരിച്ചപ്പോള്‍ ഓട ആരുടേതെന്ന ചോദ്യമാണ് ദിവസങ്ങളോളം അധികാരികള്‍ നടത്തിയത്. ചില അറ്റകുറ്റപ്പണികള്‍ നടത്തിയതൊഴിച്ചാല്‍ റെയില്‍വേസ്റ്റേഷനും പി വി എസ് ആശുപത്രിക്കുമിടയില്‍ അപകടകരമായ പൊട്ടിയ സ്ലാബുകളും ഓടകളുമെല്ലാം ഇപ്പഴും അതേപടി കിടക്കുകയാണ്. വീട്ടമ്മയുടെ ദാരുണമരണത്തിന് ഈ വര്‍ഷകാലത്ത് ഒരു വര്‍ഷം തികയുകയാണ്. എന്നാല്‍ അതിനിടെ നഗരത്തിലെ സ്ലാബുകളില്‍ വിരലിലെണ്ണാവുന്ന മാത്രമാണ് പുതിക്കിപ്പണിയുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തത്.
മഴക്ക് മുമ്പത്തെ ഇടമഴ തുടങ്ങുമ്പോള്‍ തന്നെ നഗരത്തിലെ തുറന്നിട്ട ഓടകളും പൊട്ടിയ സ്ലാബുകളും മരണഭീതി ഉയര്‍ത്തുകയാണ്. സ്ലാബുകള്‍ പൊട്ടിപ്പെളിഞ്ഞ് പാതാളക്കുഴിയായി അപകടങ്ങളുടെ പരമ്പരതന്നെ തീര്‍ത്തിട്ടും കോര്‍പറേഷനോ ജില്ലാ ഭരണകൂടമോ പി ഡബ്ല്യൂ ഡിയോ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ ചിലഭാഗങ്ങളില്‍ ഫുട്പാത്തുകള്‍ ടൈല്‍സിടുകയും വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ പുതിയ ബസ്സ്റ്റാന്‍ഡിലെ ഓടകള്‍ക്ക് മീതെ സ്ലാബിടുകയും മാത്രമാണ് കഴിഞ്ഞ വര്‍ഷക്കാലത്ത് നിന്ന് ഈ മഴക്കാലത്തിനിടെ ഉണ്ടായ നടപടിയെന്ന് മാവൂര്‍ റോഡിലൂടെ മാത്രം നടക്കുന്നവര്‍ക്ക്തന്നെ ബോധ്യമാകും. കണ്ണൂര്‍ റോഡ്, വയനാട് റോഡ് തുടങ്ങിയ പാതകളിലെ ഫുട്പാത്തുകള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്. മാവൂര്‍ റോഡില്‍ നിര്‍മാണം നടക്കുന്ന കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് സമുച്ഛയത്തിന് സമീപം, മാവൂര്‍ റോഡ് ജംക്ഷനില്‍ കുരുശുപള്ളിക്ക് സമീപം, കോഴിക്കോട് ഡി സി സി ഓഫീസിന് സമീപം, വയനാട് റോഡില്‍ കിഴക്കെ നടക്കാവിലെ പള്ളിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ ഫുട്പാത്തിലെ സ്ലാബുകള്‍ തകര്‍ന്നു വീണ നിലയില്‍തന്നെയാണ്. പളയത്തും ഫ്രാന്‍സിസ് റോഡിലും മിഠായിത്തെരുവിലുമെല്ലാം ഇതു തന്നെ അവസ്ഥ. നഗരത്തിലെ തിരക്കേറിയ പാതയോരത്തെ ഫുട്പാത്തുകള്‍ വ്യാപകമായി തകര്‍ന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ ജീവന്‍ പണയം വെച്ചാണ് യാത്ര ചെയ്യുന്നത്. ഫുട്പാത്തുകള്‍ തകര്‍ന്നതുപോലെത്തന്നെ പ്രശ്‌നമാണ് ഉള്ള ഫുട്പാത്തിലൂടെ നടക്കാനാവാത്തതും. മിക്കവറും നഗരത്തിലെ ഫുട്പാത്തുകളിലെല്ലാം വാഹനങ്ങള്‍ തലങ്ങും വിലങ്ങും കയറ്റിയിടുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്.

Latest