സബ്‌സിഡി മുടങ്ങി; ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted on: April 23, 2014 12:10 pm | Last updated: April 23, 2014 at 12:10 pm

COW FARMനിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ക്ഷീര വികസന വകുപ്പിന്റെ സബ്‌സിഡി വിതരണം മുടങ്ങിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
മില്‍മയുടെ ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്ററിന് ഒരു രൂപ വെച്ച് പ്രഖ്യാപിച്ച സബ്‌സിഡിയാണ് വിതരണം ചെയ്യാതെ ഒരു വര്‍ഷമായി മുടങ്ങിയിരിക്കുന്നത്. ഒരു ദിവസം ശരാശരി 20,000 ലിറ്റര്‍ പാലാണ് മേഖലയില്‍ ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നത്. ഇതിന് ശരാശരി ഒരു മാസം ആറുലക്ഷം രൂപ സബ്‌സിഡി നല്‍കേണ്ടതാണ്. 2013 ഏപ്രില്‍ മുതലുള്ള വിതരണമാണ് മുടങ്ങിക്കിടക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്നത് നിലമ്പൂര്‍ മേഖലയിലാണ്. 3700 ഓളം ക്ഷീര കര്‍ഷകരാണ് ഇവിടെയുള്ളത്.

ഓരോ മാസവും ആറുലക്ഷം ലിറ്റര്‍ പാല്‍ വരെ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കടുത്ത വേനലായിട്ടും ഈ വര്‍ഷം പാലുത്പാദനം കുറഞ്ഞിട്ടില്ല. സബ്‌സിഡി മുടങ്ങിയതിന് പുറമെ കാലിത്തീറ്റക്കും ചാക്കിന് 200 രൂപ നിരക്കില്‍ ക്ഷീര വികസന വകുപ്പ് നല്‍കിവന്നിരുന്ന സബ്‌സിഡിയും നിര്‍ത്തലാക്കിയിട്ടുണ്ട്. കാലിത്തീറ്റക്ക് നിലവില്‍ ഒരു ചാക്കിന് 945 രൂപയാണ് വില. ഇതില്‍ മില്‍മ 30 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.

ബാക്കി 915 രൂപ കര്‍ഷകര്‍ നല്‍കണം. ഇത് നേരത്തെ 715 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നിലവില്‍ ഒരു ലിറ്റര്‍ പാലിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 26 രൂപ മുതല്‍ 30 രൂപ വരെയാണ്. ഉയര്‍ന്ന വിലക്ക് കാലിത്തീറ്റ വാങ്ങി ഈ വിലക്ക് പാല്‍ നല്‍കിയാല്‍ കര്‍ഷകന് ഒന്നും കിട്ടാത്ത അവസ്ഥയാണുള്ളത്.
മില്‍മ ഒരു ലിറ്റര്‍ പാല്‍ വിപണിയില്‍ നല്‍കുന്നത് 40 രൂപ പ്രകാരമാണ്. കര്‍ഷകരെ മില്‍മയും ക്ഷീര വികസന വകുപ്പും ഇത്തരത്തില്‍ പിഴിയുമ്പോഴാണ് കര്‍ഷകര്‍ക്ക് അനുവദിച്ച തുച്ഛമായ ഒരു രൂപ സബ്‌സിഡി പോലും നല്‍കാന്‍ അമാന്തിക്കുന്നത്. കര്‍ഷക പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഒരു മാസത്തെ സബ്‌സിഡി അടുത്ത ദിവസം നല്‍കി കര്‍ഷക പ്രതിഷേധം തണുപ്പിക്കാനുള്ള തത്രപ്പാടിലാണ് അധികൃതര്‍.

അതേ സമയം കര്‍ഷകന് അനുവദിച്ച സബ്‌സിഡിയുടെ രേഖകള്‍ ഒരേ സമയം കൃത്യമായി നല്‍കിയാലേ പണം അനുവദിക്കൂ എന്നും അതിനുള്ള തടസ്സവും താമസവുമാണ് വന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. ഒരു കര്‍ഷകന്റെ രേഖകളില്‍ വരുന്ന അവ്യക്തത പലപ്പോഴും ഒരു സംഘത്തിലെ മൊത്തം ക്ഷീര കര്‍ഷകരെയും ബാധിക്കുമെന്നത് വിതരണത്തിനുള്ള വലിയ തടസ്സമാണെന്നും അടുത്ത വര്‍ഷം സര്‍ക്കാര്‍ ഇരട്ടി തുക ഈയിനത്തില്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലമ്പൂര്‍ മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് 2013 ഏപ്രില്‍ മാസത്തെ മാത്രം സബ്‌സിഡി തുക അടുത്ത ദിവസം തന്നെ വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.