കാട്ടുതീ കേസ് അട്ടിമറിച്ചതിനും നിയമവിരുദ്ധ ക്വാറികള്‍ക്കുമെതിരെ കലക്ടറേറ്റ് ധര്‍ണ

Posted on: April 22, 2014 9:56 pm | Last updated: April 22, 2014 at 9:56 pm

കല്‍പ്പറ്റ: ഭൗമദിനാചരണത്തിന്റെ ഭാഗമായി വയനാട് പ്രകൃതി സംരക്ഷണ സമിതി സംഘടിപ്പിച്ച കലക്‌ട്രേറ്റ് ധര്‍ണ്ണയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും വികസനത്തിന്റെ ഇരകളും പങ്കെടുത്തു. അമൂല്യമായ നൂറുകണക്കിന് ഏക്കര്‍ നിത്യഹരിത വനങ്ങള്‍ കത്തിക്കുകയും പശ്ചിമ ഘട്ടത്തിന്റെ നെഞ്ച് പിളര്‍ക്കുന്ന നിയമ വിരുദ്ധ ക്വാറികളും മണലൂറ്റലും മരംമുറിയും നിര്‍ബാധം നടത്തുകയും ചെയ്യുന്ന മാഫിയകള്‍ വയനാടിനെ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ കൊള്ളരുതാത്ത ചാവു ഭൂമിയായി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ-മത സംഘടനകള്‍ കുറ്റകരമായ മൗനമാണ് പാലിക്കുന്നതെന്നും
അപ്പപ്പാറയില്‍ തീ ആളിക്കത്തിയപ്പോള്‍ പരമ്പരാഗത വനം കൃമിനലുകളുടെ നേതൃത്വത്തില്‍ ജനക്കൂട്ടം വനം വകുപ്പുദ്ദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ തടഞ്ഞുവെച്ച ഗുരുതരമായ കുറ്റത്തിനും പരിസ്ഥിതി പ്രവര്‍ത്തകവൃനും ഫോട്ടോഗ്രാഫറുമായ അന്‍വറിനെ മര്‍ദ്ധിക്കുകയും ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്ത കുറ്റങ്ങള്‍ക്കും ഒരാളെപ്പോലും അറസ്റ്റു ചെയ്യാത്തത് കാടിനു തീ വച്ചവരുടെ സ്വാധീനം വ്യക്തമാക്കുന്നു.
വനം തീവയ്പു കേസുകള്‍ ഉടനടി ക്രൈംബ്രാഞ്ചിനെയോ പ്രത്യേക പോലീസ് സംഘത്തെയോ ഏല്‍പ്പിക്കുകയും മനുഷ്യനും പ്രകൃതിക്കും ദ്രോഹകരമായ കരിങ്കല്‍ ക്വാറികള്‍ അടച്ചു പൂട്ടുകയും ചെയ്യാത്ത പക്ഷം പ്രക്ഷോഭ സമരങ്ങള്‍ ശക്തിപ്പെടുത്തനും നിയമ നടപടികള്‍ സ്വീകരിക്കുവാനും നിര്‍ബന്ധിതരാവുമെന്ന് ധര്‍ണയില്‍ പ്രസംഗിച്ചവര്‍ വ്യക്തമാക്കി.
ധര്‍ണ ഡോ.സൂസന്‍ ഐസക് കെട്ടുകപ്പള്ളി ഉദ്ഘാടനെ ചെയ്തു. തോമസ് കെട്ടുകപ്പള്ളി ഉദ്ഘാടനം ചെയ്തു. തോമസ്സ് അമ്പലനയല്‍ സ്വാഗതം പറഞ്ഞു. എന്‍.ബാദുഷ അദ്ധ്യക്ഷം വഹിച്ചു. സാം.പി.മാത്യു,ഷാന്റോ ലാല്‍ പി.പി., ഡോ. പി.ജി.ഹരി, യു.സി.ഹുസൈന്‍,സി.മോയിന്‍,പി.ഹരിഹരന്‍,രാജു ജോസഫ്,വി.എം.രാജന്‍ പ്രസംഗിച്ചു.സണ്ണി പടിഞ്ഞാറത്തറ, ജസ്റ്റിന്‍ പ്രകാശ്,പി.എം.സുരേഷ്,ടി.കെ.ഹസ്സന്‍,സണ്ണി മരക്കടവ്,എ.വി.മനോജ്,അരുള്‍ ബാദുഷ എന്നിവര്‍ നേതൃത്വം നല്‍കി, സി.എസ്.ധര്‍മ്മരാജ് നന്ദി പറഞ്ഞു.