Connect with us

Kasargod

പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ തളക്കാന്‍ എന്‍ ആര്‍ കോണ്‍ഗ്രസിനാകുമോ?

Published

|

Last Updated

തലശ്ശേരി: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് അരങ്ങേറുന്നത്. ഇന്ന് വൈകീട്ട് പരസ്യ പ്രചരാണം അവസാനിക്കുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ആറാം ഘട്ടമായ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. മുപ്പത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും കോണ്‍ഗ്രസ്, ബി ജെ പി പിന്തുണക്കുന്ന എന്‍ ആര്‍ കോണ്‍ഗ്രസ്, സി പി ഐ എന്നീ കക്ഷികള്‍ തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.
സിറ്റിംഗ് എം പിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയുമായ വി നാരായണസ്വാമിയെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും രംഗത്തിറക്കിയത്. കോണ്‍ഗ്രസിനെ കൂടാതെ ബി ജെ പി പിന്തുണക്കുന്ന എന്‍ ആര്‍ കോണ്‍ഗ്രസിലെ ആര്‍ രാധാകൃഷ്ണന്‍, സി പി ഐയുടെ ആര്‍ വിശ്വനാഥന്‍, ഡി എം കെ മുന്നണിയിലെ മുസ്‌ലിം ലീഗ് പിന്തുണയുള്ള എ എം എച്ച് നസീം എന്നിവരാണ് പ്രബല സ്ഥാനാര്‍ഥികള്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 91,772 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി നാരായണ സ്വാമി പുതുച്ചേരിയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. യാനം, കാരക്കല്‍, മാഹി, പുതുച്ചേരി ഉള്‍പ്പെടെ മുപ്പത് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 3,00,391 വോട്ടാണ് നാരായണ സ്വാമി നേടിയത്. പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം മാഹി-30,060, യാനം-34,032, കാരക്കല്‍-1,50,907, പുതുച്ചേരി-6,86,358 എന്നിങ്ങനെ 9,01,357 വോട്ടര്‍മാരാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലുള്ളത്.
പുതുച്ചേരി ഭരിക്കുന്നത് എന്‍ ആര്‍ കോണ്‍ഗ്രസാണ്. എന്‍ രംഗ സ്വാമിയാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയാണ് രംഗസ്വാമി രണ്ടര വര്‍ഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരമേറിയത്. സാമ്പത്തിക മാന്ദ്യത്തിലാണിപ്പോള്‍ പുതുച്ചേരിയുള്ളത്. രംഗസ്വാമിയുടെ ജനപിന്തുണ ഏറെ ഇടിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്താനായാല്‍ ജയിച്ചു കയറാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പുതുച്ചേരിക്ക് കേന്ദ്ര പദ്ധതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പോലും മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന് പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭിക്കാത്തതിന് ഉത്തരവാദി സിറ്റിംഗ് എം പിയായ നാരായണ സ്വാമിയാണെന്നാണ് രംഗസ്വാമി കുറ്റപ്പെടുത്തുന്നുണ്ട്. പുതുച്ചേരിക്ക് സംസ്ഥാന പദവി ഉള്‍പ്പെടെ നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കണ്ണൂര്‍ എം പി കെ സുധാകരന്‍, യു ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദിഖ് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി നാരായണ സ്വാമിക്ക് വേണ്ടി മയ്യഴിയെ ഇളക്കി മറിച്ച് പ്രചാരണം നടത്തിയത്. ഈ മാസം പത്തിന് ഡി എം കെ നേതാവ് കരുണാനിധിയാണ് ഡി എം കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. എം വി ഓമലിംഗമാണ് എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി.
പുതുച്ചേരി മണ്ഡലത്തിലെ പള്ളൂരും മാഹിയും ഉള്‍പ്പെടെയുള്ള മേഖലയില്‍ 30,060 വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കായി 32 ബൂത്തുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. 32ല്‍ ആറ് ബൂത്തുകള്‍ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചതിനാല്‍ ഇവയുടെ സുരക്ഷാ ചുമതല സി ആര്‍ പി എഫിനാണ്. പൂഴിത്തല, ചെമ്പ്ര, അവറോത്ത്, ഇടയില്‍ പീടിക, പന്തക്കല്‍, മൂലക്കടവ് ബൂത്തുകളാണ് കേന്ദ്ര അര്‍ധസൈനിക സംരക്ഷണയിലാക്കിയിട്ടുള്ളത്.
ഇതില്‍ ചെമ്പ്രയിലെ ബൂത്ത് മാതൃകാ ബൂത്തായി വോട്ടര്‍മാരെ സ്വീകരിക്കും.