ഏകോപന സമിതിയില്‍ ധാരണയായില്ല; സര്‍ക്കാറും കെ പി സി സിയും രണ്ട് തട്ടില്‍

Posted on: April 22, 2014 2:26 am | Last updated: April 22, 2014 at 12:27 am

തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍- കെ പി സി സി ഏകോപന സമിതി യോഗത്തില്‍ ധാരണയായില്ല. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യവും സര്‍ക്കാറിന്റെ മദ്യ നയം പുതുക്കുന്ന വിഷയവും യോഗത്തിലെ മുഖ്യ അജന്‍ഡയായി ചര്‍ച്ച ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്് നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചയാവശ്യമാണെന്ന് യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. ഇതെത്തുടര്‍ന്ന് നാളെ വീണ്ടും ഏകോപനസമിതി യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ നിലവാരമില്ലാത്ത ബാറുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കത്ത് നല്‍കിയിട്ടുണ്ട്. കെ സി ബി സി പ്രതിനിധികളും വി എം സുധീരനെ കണ്ട് ഇതേ അഭിപ്രായം അറിയിച്ചിരുന്നു.
അതേസമയം, മദ്യനയം സംബന്ധിച്ച യാതൊരു ചര്‍ച്ചയും യോഗത്തിലുണ്ടായിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ നാളെ രാവിലെ 11 മണിക്ക് വീണ്ടും യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. യു ഡി എഫ് യോഗത്തിനു മുന്നോടിയായി നടക്കുന്ന ഏകോപസമിതിയില്‍ മദ്യനയത്തിന്റെ കാര്യത്തില്‍ പൊതുനിഗമനത്തിലെത്തിച്ചേരും. ഇന്ന് ചേരുന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏകോപന സമിതിയിലും യു ഡി എഫിലും പരിഗണനക്ക് വരും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയസാധ്യത തള്ളിക്കളയാനാകില്ലെന്ന് യോഗം വിലയിരുത്തിയതായി സുധീരന്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിക്ക് പൊതുവേ സംതൃപ്തി നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.
ബി ജെ പി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെങ്കിലും ചില ഒറ്റപ്പെട്ട മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തുന്നത് യു ഡി എഫിനായിരിക്കും ഗുണം ചെയ്യുക. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് ചേരുന്ന കെ പി സി സി നിര്‍വാഹക സമിതിയോഗം വിശദമായി ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പ് വിശകലനം സംബന്ധിച്ച് ഡി സി സികളുടെ റിപ്പോര്‍ട്ട് പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതുകൂടി വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി അച്ചടക്കനടപടികള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കുമെന്നും കെ പി സി അധ്യക്ഷന്‍ പറഞ്ഞു.