Connect with us

Editorial

അമിക്കസ് ക്യൂറി പറഞ്ഞത്

Published

|

Last Updated

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്, അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആശങ്കാജനകമാണ്. ക്ഷേത്രത്തിലെ മിനുക്ക് പണികള്‍ക്ക് കരാറെടുത്ത തഞ്ചാവൂര്‍ ജ്വല്ലേഴ്‌സിന്റെ സഹായത്തോടെ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം ഒളിച്ചു കടത്തിയതായി ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവിനെ ഉദ്ധരിച്ചു അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. ക്ഷേത്രത്തില്‍ നടന്ന പരിശോധനയില്‍ സ്വര്‍ണം ഉരുക്കാനുള്ള ആധുനിക യന്ത്രവും സ്വര്‍ണം പൂശാനുള്ള യന്ത്രവും കണ്ടെത്തുകയുണ്ടായി. എന്തിനിത്തരം ഉപകരണങ്ങള്‍ അതീവരഹസ്യമായി ക്ഷേത്രനിലവറയില്‍ സൂക്ഷിച്ചു എന്നത് ദുരൂഹമാണ്. ക്ഷേത്രത്തിലെ സ്വര്‍ണം തട്ടിയെടുക്കാനുള്ള രാജകുടുംബത്തിലെ ചിലരുടെ ആസുത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ സംവിധാനങ്ങളെന്നാണ് അമിക്കസ് ക്യൂറിയുടെ ബലമായ സന്ദേഹം. ക്ഷേത്രത്തില്‍ രാജകുടുംബം നടത്തുന്ന ക്രമക്കേടുകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയും സഹായവും ഉള്ളതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി പൂട്ടി വെച്ചിരിക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ ലക്ഷക്കണക്കിനു കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ക്ഷേത്രനിലവറകളുടെ താക്കോല്‍ രാജകുടുംബാങ്ങളുടെ കൈയിലുമാണ്. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതിന് പ്രത്യുപകാരമായി മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് നല്‍കിയ പ്രത്യേക അവകാശങ്ങളുടെ ഭാഗമായാണ് ക്ഷേത്ര നടത്തിപ്പ് തുടരാനുള്ള അവകാശം രാജകുടുംബത്തിന് നല്‍കിയത്. ഈ അധികാരത്തിന്റെ മറവില്‍ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബം കൈവശമാക്കുന്നതായി പലരും വര്‍ഷങ്ങള്‍ക്ക് മുമ്പേ ചൂണ്ടിക്കാണിച്ചതാണ്. ആരോപണത്തെ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
ക്ഷേത്രത്തിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ടു രാജകുടുംബം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും ദൂരൂഹവും സന്ദേഹങ്ങള്‍ക്കിടം നല്‍കുന്നതുമാണ്. ക്ഷേത്രത്തിലെ സ്വത്തുക്കളുടെ പൂര്‍ണ വിവരം മനസ്സിലാക്കാനായി “ബി” നിലവറ തുറക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ രാജകുടുംബം ശക്തിയായി വിസമ്മതിച്ചു. അത് തുറക്കുന്നത് ദുശ്ശകുനമാണെന്നും അനര്‍ഥങ്ങള്‍ക്കു വഴിവെക്കുമെന്നും ഭീതിപ്പെടുത്തിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ രാജകുടുംബം പല കുറി ഈ നിലവറ തുറക്കുകയും 2007ല്‍ മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശപ്രകാരം സ്വര്‍ണ ശേഖരത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരിക്കയാണ്. ക്ഷേത്രത്തിലെ ചരിത്രപരമായി പ്രാധാന്യമുളള പുരാവസ്തുക്കള്‍ സൂക്ഷിക്കാന്‍ പ്രത്യേക മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും രാജകുടുംബം എതിര്‍ത്തു. സ്വത്തുക്കള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നാണ് അവരുടെ നിലപാട്. സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും തുടക്കം മുതലേ ശ്രമമുണ്ടായി. അമിക്കസ് ക്യൂറി അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം അവര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതി അത് നിരാകരിക്കുകയാണുണ്ടായത്.
പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ നേരത്തെ കോടതിയില്‍ ബോധിപ്പിച്ചതാണെന്നിരിക്കെ, ക്ഷേത്ര സ്വത്തുക്കള്‍ രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്യുന്നത് ന്യായമോ നീതിയോ അല്ല. ഹൈന്ദവ സമുദായത്തിന്റെയും നാടിന്റെയും ഗുണത്തിനും താത്പര്യാനുസരണവുമായിരിക്കണം അവ വിനിയോഗിക്കേണ്ടത്. ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്നും ദൈനംദിന ഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടക്കാല ഭരണസമിതിയെ നിയമിക്കണമെന്നും അമിസ്‌ക്കസ് ക്യൂറി കോടതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രക്കണക്കുകള്‍ മുന്‍ സി എ ജി വിനോദ് റായിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രനടത്തിപ്പ് സുതാര്യമാക്കാന്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം പ്രശ്‌നം വര്‍ഗീയവത്കരിക്കാനുള്ള ചില ഫാസിസ്റ്റ് സംഘനകളുടെ ശ്രമം തടയേണ്ടതുമുണ്ട്. ക്ഷേത്രകാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് രാഷ്ട്രീയ ലാക്കോടെ പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റ് പ്രസ്ഥാനങ്ങളല്ല, ഹൈന്ദവ പൊതു സമൂഹമാണ്. അപഹരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുകയും വേണം.

Latest