വരുന്നൂ, ഇരുണ്ട കാലം…..

Posted on: April 22, 2014 5:10 am | Last updated: April 22, 2014 at 12:12 am

ഒരു വയലില്‍ നിന്നും നീളുന്ന ഒറ്റയടിപ്പാതയായിരുന്നു അവിടേക്കുള്ള വഴി. കടുത്ത ചൂടില്‍ വരണ്ടുണങ്ങിയ പാടം കടന്നെത്തുമ്പോഴേക്കും നന്നേ ഉഷ്ണിച്ചിരുന്നു. ഹരിതകാന്തിയുടെ ചായക്കൂട്ടില്‍ നിശ്ശബ്ദമുറങ്ങുന്ന കാവിനുള്ളിലെ പേരറിയാത്ത വന്‍ മരങ്ങള്‍ ആകാശത്തേക്ക് തലയുയര്‍ത്തി നിന്നു. കാവിനടുത്തെത്തുമ്പോഴേക്കും വഴിക്കിരുവശവും ഘനം വെച്ചുതുടങ്ങി. മുളകള്‍ ചാഞ്ഞുവളഞ്ഞ് കാവിന് വേലി തീര്‍ത്തിട്ടുണ്ട്. മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ കാവലിന്റെ കറുപ്പുമായി കരിമൂര്‍ഖന്‍. എവിടെ നിന്നെന്നറിയാത്ത ശബ്ദത്തിന്റെ സ്വരഭേദങ്ങള്‍ പിന്നെയും കേട്ടുകൊണ്ടിരുന്നു. കാവിനുള്ളിലേക്ക് കയറുമ്പോഴേക്കും ശരീരത്തില്‍ കുളിര്പടര്‍ന്നു. പൊള്ളുന്ന വേനലിലും കാവിനുള്ളിലെ ശീതളിമ മറഞ്ഞിരുന്നില്ല….
കഥകളിലും കവിതകളിലും ചിത്രങ്ങളിലും കാടിന്റെയും കാവിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം വിധിക്കപ്പെട്ട തലമുറയായി നാം മാറുമ്പോഴാണ് നമ്മുടെ നഷ്ടത്തിന്റെ ആഴം എത്രയുണ്ടെന്ന് വ്യക്തമാകുന്നത്. കൊടും വേനലില്‍ ശരീരം ചുട്ടുപൊള്ളുമ്പോള്‍ ശീതീകരിച്ച മുറികള്‍ തേടി പരക്കം പായുമ്പോള്‍ എങ്ങനെയാണ് നമ്മുടെ കാടും മരങ്ങളും പുഴകളും നഷ്ടപ്പെട്ടതെന്ന് ചിലരെങ്കിലും ഓര്‍ത്തുപോകാറുണ്ട്.
പണ്ടത്തേക്കാളേറെ ഭൂമി ഇപ്പോള്‍ വരണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. മഴയെ പിടിച്ചുവെച്ച് അടുത്ത മഴ വരും വരെ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തേണ്ട കുന്നും കാടും വയലും ചതുപ്പുകളും വന്‍ തോതിലാണ് നാശം നേരിട്ടത്. നാട് വരണ്ടുണങ്ങി ഗത്യന്തരമില്ലാത്ത ഒരു ഘട്ടത്തില്‍, നാം അങ്ങേയറ്റം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ശാസ്ത്രം ഒരു ഭഗീരഥ ടെക്‌നോളജിയുണ്ടാക്കി നമ്മെ രക്ഷിക്കുമെന്ന ആശ്വാസം മരീചികയാണെന്ന് വൈകിയെങ്കിലും വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്. ഭൂമി അതിന്റെ സംഹാരതാണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും ഒരു ശക്തിയും ഒന്നിനും കൊള്ളാത്തതായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാകും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ കൂടുതല്‍ കാലം കഴിയും മുമ്പെ ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട.
ഭൂമിയിലെ ജലസംരക്ഷണ മാര്‍ഗങ്ങളായ കാടും കുന്നും പൂര്‍ണമായി ഇല്ലാതാകുന്നതോടെ 2050 ആകുമ്പോഴേക്കും ഏഷ്യയില്‍ മാത്രം 100 കോടിയോളം ജനങ്ങള്‍ കടുത്ത ജലക്ഷാമം നേരിടുമെന്നാണ് ലോകത്തിലെ പാരിസ്ഥിതിക ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മധ്യേഷ്യയിലും തെക്കന്‍ ഏഷ്യയിലും ഈ കാലയളവില്‍ കാര്‍ഷികോത്പാദനം 30 ശതമാനം കുറയും. മലേറിയ, കോളറ, ഡെങ്കിപ്പനി, ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പടരും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ ജൈവ വൈവിധ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ഇല്ലാതാക്കുമെന്നും വിദഗ്ധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2100 ഓടെ ആഗോള താപനില 1.1 മുതല്‍ 6.4 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയരാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ പുതുപുത്തന്‍ ജീവിത രീതിയും പ്രകൃതിയുടെ അടിസ്ഥാന സ്വഭാവത്തില്‍ വന്ന മാറ്റവും മൂലം ലോകം ഇന്ന് നേരിടുന്ന ഭീഷണി വളരെ വലുതാണ്. ആഗോളതാപനം എന്ന പ്രതിഭാസമാണ് നിലവിലുള്ള ഭീഷണിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലിന്റെ വലിപ്പം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു എന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആഗോള താപനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോഴും ഓസോണ്‍ പാളിക്ക് സംഭവിക്കുന്ന വിള്ളല്‍ തടഞ്ഞുനിര്‍ത്താനാകാതെ ശാസ്ത്രലോകം വിയര്‍ക്കുകയാണ്.
നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫഌറോ കാര്‍ബണ്‍ തുടങ്ങിയവയാണ് ഓസോണ്‍ പാളിയിലെ വിള്ളലിന് കാരണം എന്നത് പഴങ്കഥയാകുകയാണ്. ആഗോളതാപനവും ഓസോണ്‍ പാളിയിലെ വിള്ളലിന് കാരണമാകും എന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടിത്തം. ആഗോളതാപനം മൂലം ഭൂമിക്ക് ചൂട് കൂടുന്നതുവഴി അന്തരീക്ഷത്തിലെ വാതകങ്ങളുടെ പ്രവാഹത്തിന് കാര്യമായ മാറ്റമുണ്ടാകുമെന്നും ഇതുവഴി ഓസോണ്‍ പാളിക്ക് വിള്ളല്‍ സംഭവിക്കാം എന്നുമാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
400 നാനോ മീറ്റര്‍ മുതല്‍ 4 നാനോ മീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യമുള്ള വിദ്യുത് കാന്തിക തരംഗങ്ങളാണ് അള്‍ട്രാവയലറ്റ് രശ്മികള്‍. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് പതിച്ചാല്‍ ഒരു വ്യക്തിക്ക് ചര്‍മാര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തുന്ന പ്രവൃത്തിയാണ് ഓസോണ്‍ പാളി ചെയ്യുന്നത്. ഓസോണ്‍ പാളിയുടെ ഈ പ്രവൃത്തി മൂലം അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുമ്പോഴേക്കും അവയുടെ തരംഗദൈര്‍ഘ്യം കുറഞ്ഞ ഭാഗം അപ്രത്യക്ഷമാകും.
അള്‍ട്രാവയലറ്റ് രശ്മികള്‍ തന്നെയാണ് ഓസോണിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളേല്‍ക്കുന്ന ഓക്‌സിജന്‍ തന്മാത്രകള്‍ വിഘടിക്കുകയും തുടര്‍ന്ന് അവ ഓക്‌സിജന്‍ ആറ്റങ്ങളായി മാറുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഓക്‌സിജന്‍ ആറ്റങ്ങള്‍ ഓക്‌സിജന്‍ തന്മാത്രകളുമായി ചേര്‍ന്നാണ് ഓസോണ്‍ ഉണ്ടാകുന്നത്. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ചാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. 1920കളിലാണ് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ പങ്കിനെക്കുറിച്ച് ശാസ്ത്രലോകം മനസ്സിലാക്കുന്നത്. ഗോര്‍ഡണ്‍ ഡോബ്‌സണ്‍, എഫ് എ ലിന്‍ഡെമാന്‍ എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസോണ്‍ പാളിയില്‍ നിന്നും 220 ഡോബ്‌സണ്‍ യൂനിറ്റില്‍ താഴെയുള്ള ഓസോണ്‍ സാന്ദ്രതാ പ്രദേശത്തെയാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ഓസോണിന്റെ അളവാണ് ഡോബ്‌സണ്‍ യൂനിറ്റ്. അന്തരീക്ഷത്തിലെ ക്ലോറോഫഌറോ കാര്‍ബണ്‍ അവസാനം സ്ട്രാറ്റോസ്ഫിയറിലാണ് അടിഞ്ഞുകൂടുന്നത്. അവിടെ നിന്നും പ്രവഹിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രവര്‍ത്തനഫലമായി ക്ലോറോ ഫഌറോ കാര്‍ബണില്‍ നിന്നും ക്ലോറിന്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഈ ക്ലോറിന്‍ ആറ്റം ഓസോണുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്‌സിജന്‍ ആറ്റവുമായി ചേരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ക്ലോറിന്‍ മോണോക്‌സൈഡ് മറ്റൊരു സ്വതന്ത്ര ഓക്‌സിജന്‍ ആറ്റവുമായി പ്രതിപ്രവര്‍ത്തിച്ച് വീണ്ടും സ്വതന്ത്ര ക്ലോറിന്‍ ആറ്റവും ഓക്‌സിജന്‍ ആറ്റവുമുണ്ടാകുന്നു. ഈ ക്ലോറിന്‍ ആറ്റം വീണ്ടും ഓസോണുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്‌സിജന്‍ ആറ്റവുമായി സംയോജിക്കുന്നു. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. തുടര്‍ച്ചയായി നടക്കുന്ന ഈ പ്രവര്‍ത്തനമാണ് ഓസോണ്‍ പാളിയിലെ വിള്ളലിന് കാരണമാകുന്നത്.
എങ്ങനെ ഓസോണ്‍ പാളിയിലെ വിള്ളല്‍ തടയാം എന്നതിനെക്കുറിച്ചാണ് ശാസ്ത്രലോകം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഓസോണ്‍ പാളിക്ക് നാശമുണ്ടാകുന്ന തരത്തിലുള്ള വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരുന്നത് ചെറുക്കുക എന്നതാണ് ഇതിന്റെ ആദ്യപടിയായി ചെയ്തത്. ഇതിനായി 1987ല്‍ മോണ്‍ട്രിയല്‍ ഉടമ്പടി നിലവില്‍ വരികയും ചെയ്തു. ക്ലോറോഫഌറോ കാര്‍ബണ്‍ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ് ഉടമ്പടിയുടെ ലക്ഷ്യം. ഓസോണിന് കൂടുതല്‍ നാശം വരുത്തുന്ന നൈട്രസ് ഓക്‌സൈഡ് പോലുള്ളവയുടെ ഉപയോഗത്തെക്കുറിച്ച് മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഓസോണ്‍ പാളി ഇന്നും നാശത്തിന്റെ ഭീഷണിയിലാണ് നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഒരു പരിധിവരെ ചെറുക്കാന്‍ കഴിയുന്ന ഇത്തരം രാസവസ്തുക്കള്‍ക്ക് പുറമെ ആഗോള താപനവും പുതിയ ഭീഷണിയായി ഓസോണ്‍ പാളിക്ക് മുന്നില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ഓരോ വര്‍ഷം കഴിയുന്തോറും നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത് ശോഷിച്ച ഓസോണ്‍ പാളിയുടെ ചിത്രമാണ്. ഇനി എത്ര വര്‍ഷം ഓസോണ്‍ പാളി എന്ന പ്രതിഭാസം നമുക്കൊപ്പമുണ്ടാകും എന്നത് കാത്തിരുന്ന് കാണാം
ഒരു രാജ്യത്തിന്റെ ഭൂവിഭാഗത്തില്‍ മൂന്നിലൊരു ഭാഗം ഭൂമിയുടെ ശ്വാസകോശങ്ങളായ വനമായിരിക്കണമെന്നാണ് വനശാസ്ത്രം. അതായത് ഭൂവിഭാഗത്തിന്റെ 33 ശതമാനം വനമായിരിക്കണം. അങ്ങനെയുള്ള രാജ്യത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുകയില്ലെന്നും വനശാസ്ത്രം പറയുന്നു. കാട് നാടിന്റെ പ്രാണനാണ്. ജീവിതത്തിന്റെ വിലയാണതിന്. കാലത്തിന്റെ ഗതിവേഗത്തില്‍ എല്ലാം വലിച്ചെറിയപ്പെട്ടതോടെ കാടും അതിന്റെ നന്മകളും നമുക്ക് നഷ്ടപ്പെട്ടു. ലോകത്ത് പ്രതിദിനം 350 ചതുരശ്ര കി. മീറ്റര്‍ വനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നാണ് യു എന്‍ കണക്ക്. മഴക്കാടുകളാണെങ്കില്‍ 33.8 ദശലക്ഷം ഏക്കര്‍ വെച്ചാണ് ഓരോ വര്‍ഷവും കുറയുന്നത്. ഇന്ത്യയിലും വനവിസ്തൃതി വളരെയേറെ കുറഞ്ഞു. ബ്രിട്ടീഷുകാരനു വേണ്ടി തടിയെത്തിച്ചുകൊടുക്കുന്ന വിടുപണിയായിരുന്നു ആദ്യകാലത്ത് ഇന്ത്യയിലെ കാടിന്റെ ധര്‍മമെങ്കില്‍ ഇപ്പോഴും പല രൂപത്തിലും ഭാവത്തിലും അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട വനസ്ഥലിയാണ് കണ്ണടച്ചുതുറക്കുന്ന മാത്രയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആകെ വിസ്തീര്‍ണത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വനമുള്ളതെന്നാണ് പരിസ്ഥിതിവാദികളുടെ കണക്ക്. കാട്, മരുഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ ദുരന്തം നമ്മുടെ പടിവാതില്‍ക്കലോളം എത്തിനില്‍ക്കുമ്പോഴും അത് തിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകുന്നില്ലെന്നതാണ് പ്രധാന ദുരന്തമാകുന്നത്.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ