ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ശബരീനാഥ് കീഴടങ്ങി

Posted on: April 21, 2014 1:43 pm | Last updated: April 21, 2014 at 1:46 pm

total for you-sabarinathതിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ശബരിനാഥ് കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. മെയ് അഞ്ച് വരെ ശബരിനാഥിനെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.

അതിനിടെ, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ശബരിനാഥ് കോടതിയെ അറിയിച്ചു. സെന്‍ട്രല്‍ ജയിലിലേക്ക് മാത്രമേ തന്നെ മാറ്റാവൂ എന്ന് ആവശ്യപ്പെട്ട് ഹരജിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ആവശ്യം മെയ് അഞ്ചിന് ശേഷം കോടതി പരിഗണിക്കും.

2006 ആഗസ്റ്റ് മാസത്തിലാണ് ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ് കഥകള്‍ പുറംലോകമറിയുന്നത്. പ്ലസ്ടു വരെ മാത്രം വിദ്യാഭ്യാസമുള്ള 19 കാരനായ ശബരീനാഥായിരുന്നു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞു. മൂന്ന് മാസം കൊണ്ട് അറുപത് ശതമാനം നേട്ടം വാഗ്ദാനം ചെയ്താണ് നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ചിരുന്നത്. ഇന്‍ഷുറന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന് രൂപം നല്‍കുകയായിരുന്നു.