കൊറോണ: നാലു കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു

Posted on: April 19, 2014 10:48 pm | Last updated: April 19, 2014 at 10:48 pm

അബുദാബി: മെര്‍സ് രോഗത്തിന് കാരണമാവുന്ന കൊറോണ വൈറസ് യു എ ഇയില്‍ നാലു പേരില്‍ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇവരെല്ലാം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14 ആയി. രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 10 പേരും സഹപ്രവര്‍ത്തകരില്‍ നിന്നു രോഗം ബാധിച്ചവരാണ്.
മെര്‍സ് രോഗത്താല്‍ 54 കാരനായ ആരോഗ്യ പ്രവര്‍ത്തകന്‍ കഴിഞ്ഞ 10ാം തിയ്യതി മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ടുണീഷ്യക്കാരനായ ആരോഗ്യപ്രവര്‍ത്തകനെ മറ്റുള്ള രോഗികളില്‍ നിന്നു മാറ്റി ചികിത്സ നല്‍കി വരികയാണ്. രോഗം ബാധിച്ച പൗരന്‍ ആരോഗ്യത്തോടെ കഴിയുന്നതായി ടുണീഷ്യന്‍ എംബസി അറിയിച്ചു. ബാധിച്ചിരിക്കുന്നത് മെര്‍സ് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും നാളെ ആശുപത്രി വിടാന്‍ സാധിക്കുമെന്നത് ഇയാളില്‍ അല്‍ഭുതം ജനിപ്പിച്ചെന്നും എംബസി വിശദീകരിച്ചു.
മറ്റൊരു കേസില്‍ കോറോണ വൈറസ് ബാധിച്ച് യുവതി മരിച്ചതായി ഏതാനും ആഴ്ച മുമ്പ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. അഞ്ചു പേര്‍ക്ക് വൈറസ് ബാധയേറ്റതായും സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പൈന്‍ സ്വദേശികളും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ആംബുലന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുമാണിവര്‍. ആഭ്യന്തര മന്ത്രാലയം നടത്തിയ പതിവു ആരോഗ്യ പരിശോധനയിലാണ് അഞ്ചു പേര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്.
അതീവ ഗുരുതരമായ മെര്‍സ്(മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിണ്‍ഡ്രം) രോഗം കൂടുതല്‍ പേരില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവയില്‍ വ്യക്തമാക്കിയിരുന്നു.