രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ ‘കുട്ടികളിലൂടെ കുടിയിലേക്ക്’

Posted on: April 19, 2014 10:28 am | Last updated: April 19, 2014 at 9:09 am

കണ്ണൂര്‍: എസ് എസ് എല്‍ സി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപ്പാക്കി വരുന്ന ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസു മുതല്‍ പ്രത്യേക പരിശീലനം നല്‍കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പ്രൊഫ. കെ എ സരള പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആദ്യഘട്ടം മുതലേ ലഭ്യമാക്കി എസ് എസ് എല്‍ സി പരീക്ഷയ്ക്കു വിദ്യാര്‍ഥികളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകാണ് ലക്ഷ്യം. എട്ടാം ക്ലാസില്‍ എത്തുന്ന ഓരോ കുട്ടികളുടെയും സമഗ്രവിവരങ്ങള്‍ ശേഖരിച്ച് ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്കാവശ്യമായ പരിശീലനം നല്‍കാനാണ് തീരുമാനം. ഇതിനായി അധ്യാപകര്‍ക്കു പ്രത്യേക പരിശീലനവും നല്‍കും. ഡയറ്റിന്റെ സഹായത്തോടെയാണ പദ്ധതി തയാറാക്കുക. ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം ഉറപ്പു വരുത്തുന്നതിനുള്ള പുതിയ പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. നേരത്തെ എസ് എസ് എല്‍ സിക്കു ജില്ലാ പഞ്ചായത്ത് ദത്തെടുക്കുന്ന രീതിയില്‍ പ്രത്യേക പരിശീലനം നല്‍കി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഉപരിപഠനം സാധ്യമാകാതെ പോയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ആദിവാസി മേഖലകളില്‍ രക്ഷിതാക്കളെ കൂടി ബോധവത്കരണം നടത്താനുള്ള പദ്ധതിയും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കും. ആദിവാസി വിഭാഗത്തിലെ രക്ഷിതാക്കള്‍ പലരും ഇന്നും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചു ബോധവാന്‍മാരല്ല. ഇത്തരം രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ ‘കുട്ടികളിലൂടെ കുടിയിലേക്ക്’ എന്ന പദ്ധതിയാണ് നടപ്പാക്കുക.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി റോസ, ഡി ഡി ഇ ദിനേശന്‍ മഠത്തില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, മുന്‍ പ്രന്‍സിപ്പല്‍ കെ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത്, ഡി ഇ ഒ മാരായ സി ഇന്ദിര, എ എന്‍ അരുണ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി പി ദിവ്യ എന്നിവരും പങ്കെടുത്തു.