Connect with us

Ongoing News

തോക്ക് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2009നു ശേഷം 2013വരെയായി എണ്ണൂറോളം ലൈസന്‍സുകളാണ് പുതുതായി അനുവദിച്ചത്. തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സാണ് ഇവയില്‍ ഏറിയ പങ്കും.

വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന കണക്കുകളനുസരിച്ച് 2009വരെ സംസ്ഥാനത്ത് ആകെ 39,444 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2009 ആഗസ്റ്റ് വരെയുള്ള കണക്കാണിത്. അതിനുശേഷം 2013 വരെ 791 എണ്ണമാണ് പുതുതായി അനുവദിച്ചത്. ഇതോടെ സംസ്ഥാനത്ത് 40,200ല്‍ അധികം പേര്‍ക്കാണ് ആയുധങ്ങള്‍ കൈവശം വെക്കാനുള്ള ലൈസന്‍സുള്ളത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിച്ചിരിക്കുന്നത്. 142 ലൈസന്‍സുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. ലൈസന്‍സ് ഉളളവരുടെ ആകെ എണ്ണവും കോട്ടയത്താണ് കൂടുതല്‍. 7200ല്‍ അധികം പേര്‍ക്കാണ് ജില്ലയില്‍ വെപ്പണ്‍ ലൈസന്‍സുള്ളത്.
എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 5800 ലൈസന്‍സുകളാണ് ആകെ നല്‍കിയിട്ടുള്ളത്. 84 ലൈസന്‍സുകളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇവിടെ പുതുതായി നല്‍കിയത്. മറ്റു ജില്ലകളിലെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് 100ഉം പാലക്കാട്ട് 92ഉം ഇടുക്കിയില്‍ 74ഉം മലപ്പുറത്ത് 66ഉം ആലപ്പുഴയില്‍ 37ഉം കൊല്ലത്ത് 35ഉം കാസര്‍കോടും പത്തനംതിട്ടയിലും 29 വീതവും വയനാട് 24ഉം കോഴിക്കോട്ട് 23ഉം തൃശൂരില്‍ 22ഉം, കണ്ണൂരില്‍ 21ഉം ലൈസന്‍സുകളാണ് നാല് വര്‍ഷത്തിനിടെ നല്‍കിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയാണ് ലൈസന്‍സ് ഉള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. 5634 പേര്‍ക്കാണ് ഇവിടെ ലൈസന്‍സുള്ളത്. യഥാക്രമം 92ഉം 74ഉം പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയ പാലക്കാട്, ഇടുക്കി ജില്ലകളില്‍ 2009 വരെ യഥാക്രമം 1811ഉം 1295ഉം പേര്‍ക്കാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ജില്ലകളില്‍ ലൈസന്‍സ് ലഭിക്കുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചുവരികയാണ്.
സംസ്ഥാന ആഭ്യന്തര വകുപ്പ് അനുവദിക്കുന്ന ലൈസന്‍സിന് രാജ്യത്തിനകത്ത് നിയമസാധുതയുളളപ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ അനുവദിക്കുന്ന ലൈസന്‍സിന് സംസ്ഥാനത്തിനകത്ത് മാത്രമാണ് സാധുത. പിസ്റ്റളുകളും റിവോള്‍വറുകളും റൈഫിളുകളും കൈവശം വെക്കുന്നതിനാണ് സാധാരണയായി ലൈസന്‍സ് നല്‍കുന്നത് പോസ്സസ് ചെയ്യുന്നതിനും മറ്റുമാണ്. 1959ലെ ആംസ് ആക്ടും 1962ലെ ഇന്ത്യന്‍ ആംസ് ആക്ടും അനുസരിച്ചാണ് ലൈസന്‍സ് നല്‍കുന്നത്.

---- facebook comment plugin here -----

Latest